തിരുവനന്തപുരം : മഴയുണ്ടെങ്കില്‍ സ്കൂളുകള്‍ക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം.
രാവിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യം പരിഗണിച്ച് നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിര്‍ദ്ദേശം.
അതേസമയം മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂളുകളിലെ അപകടകരമായ മരങ്ങളെല്ലാം മുറിച്ച് മാറ്റണമെന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതായി മന്ത്രി അവകാശപ്പെട്ടു. ഇന്നലെ കാസര്‍കോട്ടെ സ്കൂളില്‍ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സര്‍ക്കാര്‍ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തില്‍ എല്ലാ ജില്ലകളിലെയും കളക്ടര്‍മാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മഴക്കെടുതികള്‍ നേരിടുന്നതിനായി റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവര്‍ക്കുള്ള പ്രത്യേക നിര്‍ദേശവും പുറപ്പെടുവിച്ചു.