CrimeNEWS

ഡി.വൈ.എഫ്.ഐ നേതാവ് നീറ്റിന്റെ വ്യാജ മാര്‍ക്ക് ചമച്ചത് 2 തവണ; അറസ്റ്റ് രഹസ്യമാക്കിവച്ച് പോലീസ്

കൊല്ലം: ഡി.വൈ.എഫ്.ഐ മടത്തറ മേഖലാ കമ്മിറ്റി അംഗമായ ഒഴുകുപാറ ഖാന്‍ മന്‍സിലില്‍ സെമിഖാന്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റിന്റെ വ്യാജ മാര്‍ക്ക് ലിസ്റ്റ് രണ്ട് തവണ നിര്‍മ്മിച്ചതായി പോലീസ് കണ്ടെത്തി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം ഹാജരാക്കിയ 2022ലെ നീറ്റ് പരീക്ഷയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റിന് പുറമേ 2021ലെ മാര്‍ക്ക് ലിസ്റ്റിന്റെ വ്യാജനും സെമിഖാന്റെ ഫോണില്‍ നിന്ന് ചിതറ പൊലീസിന് ലഭിച്ചു.

2020-21 വര്‍ഷത്തിലാണ് ആദ്യമായി നീറ്റ് എഴുതുന്നത്. അന്ന് 18 മാര്‍ക്കാണ് ലഭിച്ചത്. ഇതിന് പകരം 321 മാര്‍ക്ക് രേഖപ്പെടുത്തിയ വ്യാജ മാര്‍ക്ക് ലിസ്റ്റാണ് തയ്യാറാക്കിയത്. ഇത് എങ്ങും ഹാജരാക്കിയിട്ടില്ലെന്നാണ് നിഗമനം. തുടര്‍ന്ന് ഒരുവര്‍ഷം സ്വകാര്യ സ്ഥാപനത്തില്‍ കോച്ചിംഗിനുപോയ ശേഷം എഴുതിയ 22 ലെ നീറ്റില്‍ 24 മാര്‍ക്കാണ് ലഭിച്ചത്. ഇതിന് പകരം 468 മാര്‍ക്കുള്ള വ്യാജ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി. ഉയര്‍ന്ന സ്‌കോറുണ്ടായിട്ടും കൗണ്‍സലിംഗിന് പരിഗണിക്കുന്നില്ലെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സെമിഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Signature-ad

ഹര്‍ജി പരിഗണിക്കവേ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ അഭിഭാഷകന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതി കൊല്ലം റൂറല്‍ എസ്.പിയെ കൂടി എതിര്‍കക്ഷിയാക്കി അന്വേഷണത്തിന് നിര്‍ദേശിച്ചു. ചിതറ പൊലീസ് സെമിഖാനെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മാര്‍ക്ക് ലിസ്റ്റ് വ്യാജമായി ചമച്ചതാണെന്ന് സ്ഥിരീകരിച്ചത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യം സമ്മതിച്ചിട്ടില്ല.

ഹര്‍ജിയില്‍ പറഞ്ഞിരുന്നത് പോലെ മാര്‍ക്ക് ലിസ്റ്റ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പോര്‍ട്ടിലില്‍ നിന്ന് അക്ഷയ കേന്ദ്രത്തില്‍ വച്ച് ഡൗണ്‍ലോഡ് ചെയ്‌തെടുത്തെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സെമിഖാന്‍. ഫോണില്‍ തയ്യാറാക്കിയ വ്യാജ മാര്‍ക്ക് ലിസ്റ്റ് അക്ഷയ കേന്ദ്രത്തിലെ വാട്‌സ്ആപ്പിലേക്ക് അയച്ചുനല്‍കി പ്രിന്റെടുത്തുവെന്നാണ് കണ്ടെത്തല്‍. സെമിഖാന്റെ മൊബൈല്‍ ഫോണ്‍ ഉടന്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കും.

അതേസമയം, കടയ്ക്കലില്‍ നീറ്റ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ അറസ്റ്റ് രഹസ്യമാക്കി വയ്ച്ച് പോലീസ്. അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി സമിഖാനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടത്. സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

കഴിഞ്ഞ മാസം 28 നായിരുന്നു മാര്‍ക്ക് ലിസ്റ്റില്‍ കൃത്രിമം കാട്ടിയ കുറ്റത്തിന് സമിഖാന്‍ അറസ്റ്റിലായത്. പിന്നീട് ഇയാളെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. ഇതുവരെ പോലീസ് അറസ്റ്റിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. റിമാന്‍ഡിന് ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അറസ്റ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. സമിഖാന്റെ രാഷ്ട്രീയ- ഉന്നത പോലീസ് ഉദ്യോഗസ്ഥ ബന്ധം ഉപയോഗിച്ചാണ് വിവരം രഹസ്യമാക്കി വച്ചതെന്നാണ് ഉയരുന്ന ആക്ഷേപം.

 

Back to top button
error: