തിരുവനന്തപുരം: അഴിമതി തുടച്ചുമാറ്റുകയും, സ്ഥലം മാറ്റത്തിലെ പരാതികള്‍ പരിഹരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിലെ 6316 ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി. ഗ്രാമ പഞ്ചായത്തില്‍ നിന്ന് ബ്ലോക്ക് അല്ലെങ്കില്‍ ജില്ലാ പഞ്ചായത്തിലേക്കോ കോര്‍പ്പറേഷനിലേക്കോ നഗരസഭയിലേക്കോ തിരിച്ചുമാണ് മാറ്റിയത്. ചരിത്രം സൃഷ്ടിച്ച സ്ഥലംമാറ്റം പൂര്‍ണമായും നടന്നത് ഓണ്‍ലൈനില്‍.
ഏകീകൃത വകുപ്പ് വരും മുമ്പ് പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നിങ്ങനെ ഓരോ വകുപ്പുകളിലെയും ജീവനക്കാരെ അതതു വകുപ്പുകള്‍ക്കുള്ളില്‍ മാത്രമായിരുന്നു സ്ഥലം മാറ്റിയിരുന്നത്. സീനിയര്‍ ക്‌ളര്‍ക്ക് മുതല്‍ ഫസ്റ്റ് ഗസറ്റഡ് റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവാണ് ഇറങ്ങിയത്. ഇവര്‍ക്ക് അന്തര്‍ജില്ലാ മാനദണ്ഡം ബാധകമാണ്. ജില്ലാതല സ്ഥലംമാറ്റങ്ങളുടെ നടപടികള്‍ പുരോഗമിക്കുകയാണ്. ക്‌ളര്‍ക്ക് മുതല്‍ താഴോട്ട് പ്യൂണ്‍ വരെയുള്ളവരാണ് ജില്ലാതല സ്ഥലംമാറ്റ പട്ടികയിലുള്‍പ്പെടുക. ഇവര്‍ക്ക് ജില്ലയ്ക്കുള്ളില്‍ തന്നെയായിരിക്കും സ്ഥലംമാറ്റം. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും.
ജനങ്ങള്‍ നിത്യം ആശ്രയിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഉള്‍പ്പെടെ അഴിമതി വ്യാപകമായതാണ് ഈയൊരു നടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.. ഒരു ഓഫീസില്‍ മൂന്ന് വര്‍ഷമായ ജീവനക്കാരെ നിര്‍ബന്ധമായും അല്ലാത്തവരില്‍ ചിലരെ സ്വന്തം അപേക്ഷയുടെ അടിസ്ഥാനത്തിലുമാണ് സ്ഥലംമാറ്റത്തിന് പരിഗണിച്ചത്.
പൂര്‍ണമായും ജീവനക്കാരെ വിശ്വാസത്തിലെടുത്തായിരുന്നു നടപടികള്‍.. സ്ഥലംമാറ്റ മാനദണ്ഡങ്ങളുടെ കരട് തയ്യാറാക്കി സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ഏകകണ്ഠമായാണ് അന്തിമമാക്കിയത്. ഈ നിര്‍ദേശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അസോസിയേഷനുകളുമായും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു. ജീവനക്കാര്‍ക്ക് താല്‍പര്യമുള്ള ഓഫീസും വിഭാഗവും ഓണ്‍ലൈനില്‍ പരിധിയില്ലാതെ തിരഞ്ഞെടുക്കാന്‍, കരട് പട്ടികയില്‍ അപ്പീലിന് അവസരമുണ്ടായിരുന്നുവെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പൊതു സ്ഥലംമാറ്റ ഉത്തരവില്‍ ആക്ഷേപം അറിയിക്കുന്നതിന് 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പട്ടിക htttps://lsgdgeneraltransfer.lsgkerala.gov.in എന്ന സൈറ്റില്‍ ജീവനക്കാര്‍ക്ക് ലോഗിന്‍ ഉപയോഗിച്ച് പരിശോധിക്കാം.