KeralaNEWS

കോഴഞ്ചേരി മുതല്‍ പുതമണ്‍ വരെ കെഎസ്‌ആര്‍ടിസി ഷട്ടില്‍ സര്‍വീസ്

റാന്നി: ബലക്ഷയം നേരിടുന്ന പുതമൺ പാലത്തിൽ വീണ്ടും വാഹനഗതാഗതം നിരോധിച്ചതോടെ കോഴഞ്ചേരി മുതല്‍ പുതമണ്‍ വരെ ഷട്ടിൽ സർവീസ് ആരംഭിക്കാൻ കെഎസ്‌ആര്‍ടിസി തീരുമാനിച്ചു.

റാന്നി-കോഴഞ്ചേരി റൂട്ടിൽ ‍പുതമൺ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോച്ചതോടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി റാന്നി എംഎൽഎ അഡ്വ.പ്രമോദ് നാരായൺ  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

തിങ്കളാഴ്ച രാവിലെ 9 മുതല്‍ സര്‍വീസ് ആരംഭിക്കാൻ അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. കോഴഞ്ചേരിയില്‍ നിന്നും പുതമണ്ണിലേക്ക് 15 മിനിറ്റ് ഇടവിട്ടുള്ള ഷട്ടില്‍ സര്‍വീസുകള്‍ ആയിരിക്കും ആരംഭിക്കുക . മറുകരയായ റാന്നി-പുതമണ്‍ റൂട്ടിലും ഇതേ ദിവസം മുതല്‍ സര്‍വ്വീസ് ആരംഭിക്കാൻ സ്വകാര്യ ബസ് ഉടമകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മേലുകര റാന്നി റോഡിലെ പുതുമണ്‍ പാലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 25 മുതല്‍ ഇതിലെയുള്ള വാഹനഗതാഗതം ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പാലത്തിൻറെ അപകടാവസ്ഥ കൂടുതല്‍ ഗുരുതരമായതോടെ കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം പുതമണ്‍ പാലം കെട്ടിയടച്ചു ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് ഇതുവഴി പ്രവേശനം ഉള്ളത്.
പുതമണ്ണിലെ തകര്‍ന്ന പാലത്തിന് പകരം താല്‍ക്കാലിക പാത നിര്‍മ്മിക്കുന്നതിനായി ചെറുകോല്‍ പഞ്ചായത്ത് മൂന്ന് ദിവസത്തിനകം സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ ആര്‍ സന്തോഷ് കുമാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.

Back to top button
error: