കേരളം ഒന്നടങ്കം കണ്ണീർ വാർത്ത ഒരു ദുരന്തമായിരുന്നു ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകം. വന്ദന കൊല്ലപ്പെട്ട സമയത്ത് തന്നെ ഒട്ടേറെ അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചിരുന്നു. ഇപ്പോഴിതാ സംശയങ്ങൾ പലതും പഴുതുള്ളതാണെന്ന് വെളിപ്പെടുന്നു.
ആശുപത്രിയിൽ വെച്ച് കുത്തേറ്റ ശേഷം വന്ദനാ നടന്നു തന്നെയാണ് ആംബുലൻസിലേക്ക് പോയത്. അതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ സമയം വൈകിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കുടുംബം സംശയിക്കുന്നു.
മാത്രമല്ല, സംഭവസമയത്തും സ്ഥലത്തും പോലീസുകാർ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ വന്ദനാദാസിനടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇവർ എന്തുകൊണ്ടാണ് വന്ദനാദാസിനെ സംരക്ഷിക്കാൻ വേണ്ടി മുൻകൈ എടുത്തില്ല, തുടങ്ങിയ നിരവധി സംശയങ്ങൾ കുടുംബം ഉന്നയിക്കുന്നു.
ഈ പശ്ചാത്തലത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. വിശദീകരണം തേടി കോടതി സർക്കാരിനും പോലീസിനും നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസമായിരുന്നു വന്ദനാദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
പോലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കില്ലെന്നാണ് കുടുംബം കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സർക്കാരിനോടും പോലീസിനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. ഒപ്പം, കേസെടുക്കുന്നതിൽ എന്താണ് അഭിപ്രായം എന്ന് സി.ബി.ഐയോടും കോടതി ആരാഞ്ഞു.