NEWSWorld

ഖത്തറില്‍ രണ്ടാം നാൾ വീണ്ടും വാഹനാപകടം: മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു, മുന്നു വയസുകാരനായ മകൻ ഗുരുതരാവസ്ഥയില്‍

ദോഹ: പെരുന്നാള്‍ ആഘോഷിക്കാന്‍ ഖത്തറില്‍നിന്ന് ബഹ്‌റൈനിലേക്കുളള യാത്രക്കിടെ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. മലപ്പുറം മേല്‍മുറി സ്വദേശി മനോജ് കുമാര്‍ അര്‍ജുന്‍, കോട്ടയം സ്വദേശി അഗസ്റ്റിന്‍ എബി എന്നിവരാണ് മരണപ്പെട്ടത്.

കേവലം ഒരു ദിവസത്തിന്റെ ഇടവേളയിൽ മറ്റൊരു ദുരന്തം കൂടി. അല്‍ഖോര്‍ എക്‌സ്പ്രസ്സ് ഹൈവേയിലെ പാലത്തിനു മുകളില്‍ നിന്ന് വാഹനം താഴേക്കു പതിച്ച് 3 മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ ഇന്നലെ രാത്രി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (32), പ്രവീണ്‍കുമാര്‍ ശങ്കര്‍ (37) എന്നിവരാണ് മരിച്ചത്.

Signature-ad

റോഷിന്റെയും ആന്‍സിയുടേയും മകന്‍ ഏദന്‍ (3) ഗുരുതര പരുക്കുകളോടെ ദോഹ സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ച 5 പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയിൽ. സിദ്ര ആസ്പത്രിയില്‍ രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയയായ കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

ദോഹ- അല്‍ഖോര്‍ എക്‌സ്പ്രസ്സ് ഹൈവേ എക്‌സിറ്റ് 35-ലെ പാലത്തിനു മുകളില്‍ നിന്നാണ് വാഹനം താഴേക്കു വീണതെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി വൈകിയായിരുന്നു അപകടം. അല്‍ഖോറിലെ ഫ്ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് മറ്റൊരു വാഹനം വന്നിടിച്ചാണ്
അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ വാഹനം പാലത്തില്‍ നിന്ന് താഴേയ്ക്ക്  വീണു. വാഹനത്തിലുണ്ടായിരുന്ന കുട്ടി ഒഴികെയുള്ള 5 പേരും തല്‍ക്ഷണം മരണമടഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ഉള്‍പ്പെടെ അനന്തര നടപടികള്‍ക്ക് ഖത്തര്‍ കെ.എം.സി.സി കമ്മിറ്റി നേതൃത്വം നൽകുന്നു.

Back to top button
error: