LocalNEWS

ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ജീവനക്കാരി കുളത്തില്‍ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട : അഗ്നിരക്ഷാസേന ഓഫീസിലെ ജീവനക്കാരിയെ സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ പാർട്ട് ടൈം ജീവനക്കാരി കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29)യെയാണ് ഫയര്‍ സ്റ്റേഷന് സമീപം ഡിസ്മസ് റോഡരികിലെ കുളത്തിൽ  മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ജോലിക്കെത്തിയ നിഫിത സുഖമില്ല എന്ന കാരണം പറഞ്ഞ് നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ജോലി സമയം കഴിഞ്ഞിട്ടും നിഫിത വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍‌സ്റ്റേഷനില്‍ വിവരം അറിയിക്കുകയാണുണ്ടായത്.

തുടര്‍ന്ന് പോലീസും ഫയര്‍‌സ്റ്റേഷന്‍ ജീവനക്കാരും മൊബൈൽ ലൊക്കേഷൻ നോക്കി നടത്തിയ അന്വേഷണത്തിലാണ് ഫയര്‍‌ സ്റ്റേഷനു സമീപമുള്ള കുളത്തില്‍ നിഫിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 പോസ്റ്റുമാര്‍ട്ടത്തിനു ശേഷം എറിയാട് കടപ്പൂര് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന്  വൈകിട്ട് ഖബറടക്കം നടത്തി.

രണ്ടു വര്‍ഷത്തോളമായി ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ പാര്‍ട്ട് ടൈം ജീവനക്കാരിയാണ് നിഫിത. അമ്മ : സുലേഖ. സഹോദരങ്ങൾ : സിബിൽ, അനീന

Back to top button
error: