IndiaNEWS

ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡല്‍ഹി: ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദിവസത്തില്‍ എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ, സമൂഹത്തില്‍ ഐക്യം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ലോകത്തിലെ വിവിധ മുസ്ലീം നേതാക്കള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി കത്തയച്ചു. ബക്രീദ് ത്യാഗത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നതായും രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ ഈദ് ആഘോഷിക്കുകയാണെന്നും മോദി കത്തില്‍ അറിയിച്ചു.

ഈദുല്‍ ഫിത്തര്‍ വേളയില്‍ രാജ്യത്തെ എല്ലാവര്‍ക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്ന് പ്രസിഡന്റ് ദ്രൗപദി മുര്‍മു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും നിസ്വാര്‍ഥ സേവനത്തിന്റെയും പാത പിന്തുടരാന്‍ ബക്രീദ് നമ്മെ പ്രേരിപ്പിക്കുന്നു. സമൂഹത്തില്‍ പരസ്പരം സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

Signature-ad

ത്യാഗസ്മരണകളോടെ മുസ്ലിം സമൂഹം രാജ്യത്ത് ഇന്നു ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായീല്‍ നബിയുടെയും ത്യാഗപൂര്‍ണമായ ജീവിതവും അല്ലാഹുവിലേക്കുള്ള സമര്‍പ്പണവുമാണ് ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശം. ഹജ് കര്‍മത്തിന്റെ പരിസമാപ്തി കൂടിയാണ് പെരുന്നാള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍ ആഘോഷം. വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം സംസ്ഥാനത്ത് ഇന്ന് കൂടി പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: