NEWSWorld

ടൈറ്റന്‍ സമുദ്രപേടക ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: ടൈറ്റന്‍ സമുദ്ര പേടകം അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം പുറത്തുവിട്ടത്. ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ പോയ പേടകത്തിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചിരുന്നു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും കണ്ടെത്താന്‍ കഴിഞ്ഞത് നിര്‍ണായകമായി. ലഭ്യമായ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. അഞ്ച് പേരുമായി അറ്റലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയ പേടകം ഉള്‍വലിഞ്ഞ് തകരാന്‍ ഇടയായ സാഹചര്യം കണ്ടെത്താന്‍ നിര്‍ണായകമാണ് ഈ അവശിഷ്ടങ്ങള്‍.

Signature-ad

അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചുപേരും അപകടത്തില്‍ മരിച്ചതായാണ് ഓഷ്യന്‍ ?ഗേറ്റ് സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിംഗ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്ഥാനി അതിസമ്പന്ന വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, കടല്‍യാത്ര നടത്തുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സിഇഒ സ്റ്റോക്റ്റന്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോല്‍ ഹെന്റി എന്നിവരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.

ജൂണ്‍ 18ന് നടന്ന അപകടത്തെപ്പറ്റി യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Back to top button
error: