കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസില്‍ മൊഴി നല്‍കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരായി. ഒന്നിനെയും ഭയമില്ലെന്നും തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. അറസ്റ്റിനെ ഭയമില്ല, തനിക്ക് ജാമ്യമുണ്ട്. കടല്‍താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ടെന്നും സുധാകരന്‍ പറഞ്ഞു. നിയമവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും സുധാകരന്‍ വിശദീകരിച്ചു.
മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരന്‍. കേസില്‍ അറസ്റ്റ് വേണ്ടിവന്നാല്‍ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കാമെന്നു സുധാകരനും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇന്ന് സുധാകരന്റെ അറസ്റ്റ് ഉണ്ടാകുമോയെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു പറയുന്നില്ല. ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മൂന്നാം പ്രതിയും ഐജിയുമായ ജി.ലക്ഷ്മണും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും എന്നു ചോദ്യം ചെയ്യണമെന്നു ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ല.
ഗള്‍ഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ മോന്‍സനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി പരാതിക്കാരെ മോന്‍സന്‍ വിശ്വസിപ്പിച്ചെന്നാണു പരാതിയില്‍ പറയുന്നത്. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന ഈ തുക പിന്‍വലിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞു മോന്‍സന്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങി. 2018 നവംബര്‍ 22നു കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍വച്ചു കെ.സുധാകരന്‍ ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നല്‍കിയെന്നും ഈ വിശ്വാസത്തിലാണു മോന്‍സനു പണം നല്‍കിയതെന്നാണു പരാതിക്കാരുടെ ആരോപണം.