KeralaNEWS

മഞ്ചേശ്വരം എം.എല്‍.എയായിരുന്ന എം.സി ഖമറുദ്ദീൻ ഒന്നാം പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ് വിചാരണ ആരംഭിക്കുന്നു,  ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയാണ് കേസ് പരിഗണിക്കുക

   ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ നടക്കും. ഇതിന്റെ മുന്നോടിയായി കേസിന്റെ മുഴുവന്‍ ഫയലുകളും ഈ കോടതിക്ക് കൈമാറി. ഫാഷന്‍ ഗോള്‍ഡ് നിക്ഷപതട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് 17 ഡയറക്ടര്‍മാരെ കൂടി പ്രതി ചേര്‍ത്ത് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍, മുഹമ്മദ് ഇഷാം എന്നിവരെയും മാനേജര്‍ സൈനുല്‍ ആബിദിനെയുമാണ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഇതിന് പുറമെയാണ് 17 ഡയറക്ടര്‍മാരെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഉദിനൂർ അബ്ദുൽ റസാഖ്, മുഹമ്മദ് കുഞ്ഞി, മാഹിൻകുട്ടി മുഹമ്മദ് മേൽപറമ്പ്, എസ്.എം. അഷ്റഫ്, ഐദിദ് കൊയിലാണ്ടി, മുഹമ്മദ് കുഞ്ഞി അഞ്ചില്ലത്ത്, എ.ടി.പി. അബ്ദുൽ ഹമീദ് തളിപ്പറമ്പ്, കപണയിൽ സൈനുദ്ദീൻ, സി.പി ഖദീജ തളിപ്പറമ്പ്, കെ.വി നിയാസ് വെള്ളയിൽ, പുതിയപുരയിൽ അബ്ദുൽ റഷീദ്, അനീഫ തായിലകണ്ടി, പി.സി മുഹമ്മദ്, ഇ.എം അബ്ദുൽ അസീസ് തുരുത്തി, അച്ചാര പാട്ടിൽ ഇഷ, സി.പി കുഞ്ഞബ്ദുല്ല ഒഴിഞ്ഞവളപ്പ്, അബ്ദുൽ അസീസ് മേൽപറമ്പ് എന്നിവരെയാണ് പ്രതിചേർത്ത്  കോടതിയിൽ റിപ്പോർട്ട് നൽകിയത്.

Signature-ad

ഇതിന് ശേഷമാണ് തുടര്‍ നടപടികള്‍ക്കായി കേസിന്റെ ഫയലുകള്‍ മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണുള്ളത്. ഇരട്ടിലാഭം വാഗ്ദാനം ചെയ്താണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപം സ്വീകരിച്ചത്. അഞ്ചുലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണലിലും കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണലിലും നിക്ഷേപിച്ചിരുന്നത്.
ഫാഷൻ ഗോൾഡിനു പുറമെ ഖമർ ഗോൾഡ്, നുജൂം ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്സ് എന്നീ കമ്പനികളുടെ കേസുകൾ വേറെയുണ്ട്.

നിക്ഷേപതുക തിരികെ ലഭിക്കാതിരുന്നതോടെ 2019 മുതലാണ് ഇതുസംബന്ധിച്ച് ചന്തേര പൊലീസില്‍ പരാതി നല്‍കി തുടങ്ങിയത്. 800ഓളം പരാതികൾ ലഭിച്ചു.  ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് സംബന്ധിച്ച പരാതികളില്‍ ചന്തേര, ഹൊസ്ദുര്‍ഗ്, കാസര്‍കോട്, പയ്യന്നൂര്‍, തലശേരി പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

എണ്ണൂറോളം പേരില്‍ നിന്നായി 150 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
96 കോടി രൂപ നിക്ഷേപമായും 50 കോടിയിലധികം രൂപ സ്വര്‍ണ സ്‌കീമുകളിലൂടെയും വാങ്ങി. കേസിൽ രണ്ടര വർഷത്തിന് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം നൽകാൻ വൈകുന്നതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നിക്ഷേപകർ നേരത്തെ രംഗത്തുവന്നിരുന്നു

Back to top button
error: