കോട്ടയം: വീട്ടമ്മയെ ഭീഷണിപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍. ലൈഫ് ഫ്ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എംഎല്‍എയോട് പരാതിപ്പെട്ടതിനാണ് വീട്ടില്‍ക്കയറി പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.
വിജയപുരം പഞ്ചായത്ത് അംഗങ്ങള്‍ അടക്കം ഇരുപതോളം പേര്‍ക്കെതിരെ പരാതി നല്‍കി. വിജയപുരം സ്വദേശി കുഞ്ഞുമോളാണ് പരാതി നല്‍കിയത്. ‘ സ്വപ്നം കാത്തിരുന്നു കിട്ടിയ വീട് ഞാന്‍ നശിപ്പിച്ചെന്നു പറഞ്ഞാണ് ഇന്നലെ ഫ്ളാറ്റിലേക്കു കുറെപ്പേര്‍ എത്തിയത്. ഒറ്റയ്ക്ക് കഴിയുന്നതെന്ന പരിഗണന പോലും നല്‍കാതെ ഭീഷണിപ്പെടുത്തി. സത്യം മാത്രമാണു പറഞ്ഞത്. സ്വന്തമായി കട്ടില്‍ പോലും ഇല്ല. ഇന്നലെ നിലത്തു വിരിച്ചുകിടന്ന പായ വരെ മഴയില്‍ നനഞ്ഞുവെന്ന് വീട്ടമ്മ പറയുന്നു. സംഭവം വിവാദമായതോടെ ചോര്‍ച്ച അന്വേഷിക്കാനാണ് പരാതിക്കാരിയുടെ വീട്ടിലെത്തിയതെന്ന് സിപിഎം വിശദീകരിച്ചു.
കുഞ്ഞുമോളുടെ പരാതി ലഭിച്ചെന്നും അന്വേഷണം തുടങ്ങിയെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമുച്ചയം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ എംഎല്‍എയോടു പരാതി പറഞ്ഞവരില്‍ മുന്‍നിരയില്‍ കുഞ്ഞുമോള്‍ ഉണ്ടായിരുന്നു.
അതേസമയം, വിജയപുരം ഗ്രാമപ്പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഫ്ളാറ്റിലെ ചോര്‍ച്ച സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയോഗമാണ് അന്വേഷണത്തിന് സര്‍ക്കാരിനോടാവശ്യപ്പെടാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ചചെയ്ത ശേഷമാണ് അന്വേഷണത്തിന് കമ്മിറ്റി ശിപാര്‍ശ ചെയ്തത്.