CrimeNEWS

ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന് പകരം സ്വര്‍ണം; കാര്‍ഗോ വഴി അയച്ച കള്ളക്കടത്ത് സ്വര്‍ണം പിടികൂടി

കൊച്ചി: ഈന്തപ്പഴത്തിന്റെ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കാര്‍ഗോ വഴി അയച്ച സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നും സലാഹുദ്ദീന്‍ എന്നയാള്‍ കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരില്‍ അയച്ചതാണ് കാര്‍ഗോ. സ്‌കാനറിലെ പരിശോധനയില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ പാക്കറ്റ് പരിശോധിച്ച് നോക്കിയപ്പോഴാണ് ഈന്തപ്പഴത്തിന്റെ ഉള്ളില്‍ കുരുവിന്റെ രൂപത്തിലും വലുപ്പത്തിലും സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്.

ഈന്തപ്പഴം പൊളിച്ച് പേപ്പറില്‍ പൊതിഞ്ഞ സ്വര്‍ണം ഒളിപ്പിച്ച ശേഷം അടച്ചു വച്ചിരിക്കുകയായിരുന്നു. ഇത്തരത്തില്‍ 6 സ്വര്‍ണ കുരുവാണ് ലഭിച്ചത്. യഥാര്‍ത്ഥ കുരുവുള്ള ഈന്തപ്പഴങ്ങളും പാക്കറ്റില്‍ ഉണ്ടായിരുന്നു. ആകെ 60 ഗ്രാം തൂക്കമാണ് പിടിച്ചെടുത്ത സ്വര്‍ണത്തിന് ഉണ്ടായിരുന്നത്. ഇതിന് മൂന്ന് ലക്ഷം രൂപ വില വരും.

Signature-ad

ഫ്ളോഗോ ലോജിസ്റ്റിക്സ് എന്ന ഏജന്‍സി വഴിയാണ് കാര്‍ഗോ അയച്ചിരിക്കുന്നത്. മുഹമ്മദ് സെയ്ദിന് വേണ്ടി മറ്റ് രണ്ട് പേരാണ് കാര്‍ഗോ വാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇത്തരത്തില്‍ അയച്ചാല്‍ സ്വര്‍ണം പിടിക്കപ്പെടുമോ എന്ന് മനസിലാക്കാനുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ‘ടെസ്റ്റ് ഡോസ്’ ആണിതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിഗമനം.

 

Back to top button
error: