CrimeNEWS

വിദ്യക്കും വിശാഖിനും പിന്നാലെ നിഖിലും ഒളിവില്‍; ഫോണ്‍ സ്വിച്ച് ഓഫ്, അന്വേഷണത്തിന് എട്ടംഗ പ്രത്യേക സംഘം

തിരുവനന്തപുരം: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ നിഖില്‍ തോമസ് ഒളിവില്‍ തന്നെ. നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്. നിഖില്‍ ഒളിവിലാണെന്നും കണ്ടെത്താന്‍ എട്ടംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും കായംകുളം ഡിവൈഎസ്പി അറിയിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിഖിലിനെ കണ്ടെത്താന്‍ നിയോഗിച്ചത്.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് നിഖിലിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് സംഘം റായ്പൂരിലെ കലിംഗ സര്‍വകലാശാലയിലെത്തിയും അന്വേഷണം നടത്തി. സര്‍വകലാശാല രജിസ്ട്രാര്‍, വിസി എന്നിവരെ കണ്ട അന്വേഷണ സംഘം, ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടി. അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ റായ്പുര്‍ പോലീസില്‍ പരാതി നല്‍കില്ല. മറിച്ച് അന്വേഷണം കേരളത്തില്‍ തന്നെ മതിയെന്നാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖില്‍ ഉള്ളതും കേരളത്തിലായതിനാല്‍ കേരള പോലീസ് അന്വേഷണമാണ് ഉചിതമെന്നും സര്‍വകലാശാല അറിയിച്ചു.

Signature-ad

നിഖിലിനെതിരേ എംഎസ്എം കോളജ് പ്രിന്‍സിപ്പലും മാനേജരും പോലീസില്‍ രേഖാമൂലം പരാതി നല്‍കിയതിന് പിന്നാലെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നിഖില്‍ എം തോമസിനെ പുറത്താക്കിയതായി എസ്എഫ്ഐയും അറിയിച്ചു. സംഘടനയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖില്‍ തോമസ് വിശദീകരണം നല്‍കിയതെന്നും ഒരിക്കലും ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തനമാണ് നിഖില്‍ തോമസ് ചെയ്തതെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ആള്‍മാറാട്ടത്തിന് ശ്രമിച്ച കേസിലെ പ്രതിയായ എസ്.എഫ്.ഐ. നേതാവ് വിശാഖിനേയും മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയേയും കണ്ടെത്താന്‍ കഴിയാത്തതില്‍ പോലീസ് കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് നിഖില്‍ തോമസ് ഒളിവില്‍ പോയതും കേരളാ പോലീസിന് തലവേദനയാകുന്നത്. പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായെന്നാണ് ഉയരുന്ന വിമര്‍ശനം.

Back to top button
error: