KeralaNEWS

എംജി സര്‍വകലാശാലയില്‍നിന്ന് പേരെഴുതാത്ത 154 ബിരുദ-പിജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ- പിജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനില്‍ നിന്ന് നഷ്ടമായത്. ബാര്‍ കോഡും ഹോളോഗ്രാമും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. ഈ ഫോര്‍മാറ്റുകളില്‍ വിദ്യാര്‍ത്ഥിയുടെ വിവരങ്ങളും രജിസ്റ്റര്‍ നമ്പറും ചേര്‍ത്ത് വൈസ് ചാന്‍സലറുടെ ഒപ്പ് പതിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് തയാറാകും. ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാനുമാകും.

രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായത് ദുരൂഹമാണ്. സെക്ഷന്‍ ഓഫീസര്‍ക്കാണ് ഈ ഫോര്‍മാറ്റുകള്‍ സൂക്ഷിക്കാനുള്ള ചുമതല. 500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിക്കുന്നത്. ഒരാഴ്ച മുന്‍പ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ സൂക്ഷിക്കുന്ന സെക്ഷനിലെ രജിസ്റ്റര്‍ കാണാതായിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് ഫോര്‍മാറ്റുകള്‍ കണ്ടെത്തി. അതോടെയാണ് കൂടുതല്‍ അന്വേഷണം തുടങ്ങിയത്. ഫോര്‍മാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോള്‍ 54 എണ്ണം ഇല്ലെന്ന് ബോധ്യമായി.

Signature-ad

സര്‍വകലാശാലയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്ന എട്ട് വിഭാഗങ്ങളുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാന്‍ സെക്ഷന്‍ ഓഫീസര്‍ ഇത് അസിസ്റ്റന്റിനെ കൈമാറുകയുമാണ് പതിവ്. ആറു ജീവനക്കാരാണ് സെക്ഷനിലുള്ളത്. പോലീസില്‍ പരാതി നല്‍കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു. എന്നാല്‍, നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം എത്രയാണെന്ന് ഇവര്‍ പറയുന്നില്ല. പരീക്ഷാഭവനിലെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ ഉച്ചയോടെ വിസിക്കും രജിസ്ട്രാര്‍ക്കും കൈമാറി. രണ്ടു പിജി സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടിയെന്നും അധികൃതര്‍ പറയുന്നു. ഇന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.

Back to top button
error: