Breaking NewsKeralaLead NewsNEWS

വാശി പിടിച്ച് തീർഥാടക സംഘത്തിനൊപ്പം കൂടി, പ്രസവം കൂടെയുണ്ടായിരുന്ന ഭർത്താവിനേയും കുടുംബത്തേയും പോലുമറിയിച്ചില്ല, മരിച്ച നവജാത ശിശുവിനെ പള്ളിപ്പരിസരത്ത് ഉപേക്ഷിച്ച് ഒന്നുമറിയാത്ത രീതിയിൽ ബസിൽ കയറിയിരുന്നു, ദുരൂഹതയെന്ന് പോലീസ്

കോഴിക്കോട്: ചെറൂട്ടി കോൺവന്റ് റോഡിലെ പളളിയുടെ പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. കഴിഞ്ഞ ദിവസം തീർഥാടക സംഘത്തിന്റെ ഭാഗമായി കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ എത്തിയ പാലക്കാട് സ്വദേശിയായ യുവതിയാണ് ശിശുവിനെ പ്രസവിച്ചതെന്നു പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയിരുന്നു. തുടർന്നു പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഫ്രാങ്കോ (25) എന്ന യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 13 ടൂറിസ്റ്റ് ബസുകളിലാണ് പാലക്കാട് നിന്നുളള തീർഥാടക സംഘം കോഴിക്കോട് എത്തിയത്. പളളിയുടെ പിന്നിലെ സ്ഥലത്ത് പ്രസവിച്ചെന്നാണു യുവതി നൽകിയ മൊഴി.

ആറുമാസം ഗർഭിണിയായ ഫ്രാങ്കോയെ തീർഥാടക സംഘം ഒപ്പം കൊണ്ടു പോകുന്നില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും ഫ്രാങ്കോ നിർബന്ധപൂർവം കൂടെ കൂടുകയായിരുന്നു എന്നാണ് വിവരം. പള്ളിയുടെ പരിസരത്തു വച്ച് വേദന ഉണ്ടാകുകയും പ്രസവിക്കുകയും ചെയ്ത ഫ്രാങ്കോ ഇക്കാര്യം തീർഥാടക സംഘത്തിലെ മറ്റുള്ളവർ അറിഞ്ഞാൽ കുഴപ്പമാകുമെന്നു കരുതി, മരിച്ചനിലയിൽ കണ്ട കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മൊഴിയിൽ പറയുന്നത്.

Signature-ad

അതേസമയം ഫ്രാങ്കോയുടെ ഭർത്താവും ഒന്നരവയസ്സുള്ള മകളും ഭർത്താവിന്റെ മാതാവും അമ്മൂമ്മയും തീർഥാടക സംഘത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും പ്രസവവിവരം അവരെയും വിവരം അറിയിച്ചിരുന്നില്ല എന്നാണു സൂചനയെന്ന് ടൗൺ എസിപി കെ.ജെ. ജോൺസൻ പറഞ്ഞു. പ്രസവശേഷം ആരേയും അറിയിക്കാതെ ടൂറിസ്റ്റ് ബസിൽ കയറി ഇരുന്ന ഫ്രാങ്കോയെ അന്വേഷണത്തിന് ഒടുവിലാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

പാലക്കാട് നിന്നെത്തിയ തീർഥാടക സംഘത്തിലെ ഒരു യുവാവാണ് ബുധനാഴ്ച വൈകിട്ട് നാലരയോടെ പളളിയുടെ പരിസരത്ത് മൃതദേഹം കണ്ടത്. പള്ളി വികാരിയെ ഇക്കാര്യം അറിയിച്ചതോടെ ഉടൻ തന്നെ പള്ളി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവതിയെ പോലീസ് തിരിച്ചറി‍ഞ്ഞത്. പൊക്കിൾക്കൊടി അറുത്ത നിലയിലായിരുന്നു ശിശുവിന്റെ മൃതദേഹം. ക്ഷീണിതയായി കണ്ട യുവതിയെ കോട്ടപ്പുറം ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മതിയായ ചികിത്സയും പരിചരണവും ഉറപ്പാക്കിയ ശേഷം ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യും. സമീപത്ത് ആശുപത്രികൾ ഉണ്ടായിട്ടും യുവതി ഒപ്പമുണ്ടായിരുന്ന ഭർത്താവിനെയും ബന്ധുക്കളെയും അറിയിക്കാതെ പ്രസവിച്ചതിലാണു ദുരൂഹതയെന്നാണ് പോലീസ് പറയുന്നത്. യുവതിയെയും കുടുംബാംഗങ്ങളെയും കൂടുതൽ ചോദ്യം ചെയ്യലിലൂടെ ഇതിൽ വ്യക്തത വരുമെന്നാണു പ്രതീക്ഷ. ടൗൺ പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ രാത്രിയോടെ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത്, ടൗൺ പോലീസാണ് അന്വേഷണം നടത്തുന്നത്. ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: