അപകടത്തിൽപെട്ട കാറിൽ നിന്നും എംഡിഎംഎ പിടികൂടി; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചയാൾക്ക് മർദ്ദനം; നെറ്റിയിൽനിന്ന് രക്തംവാർന്ന് യുവാവ് ബോധരഹിതനായി രക്ഷപ്പെടുത്തിയ ആൾ

കോഴിക്കോട്: അപകടത്തിൽപ്പെട്ട കാറിൽനിന്ന് പോലീസ് എംഡിഎംഎ പിടികൂടി. വെള്ളയിൽ പോലീസ് സ്‌റ്റേഷന് സമീപത്തുവെച്ച് അപകടത്തിൽപ്പെട്ട കാറിൽനിന്നാണ് 2.84 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കാർ ഓടിച്ചിരുന്ന പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനു(24)വിനെ വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, മനുവിനെ ആശുപത്രിയിലെത്തിച്ച യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മനുവിന്റെ സുഹൃത്തുക്കൾക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല.
ഏപ്രിൽ അഞ്ചാംതീയതി രാത്രി എട്ടുമണിയോടെയാണ് മനു ഓടിച്ചുവന്ന കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ പള്ളിക്കണ്ടി സ്വദേശിയായ യുവാവിന്റെ സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റ മനുവിനെയും സ്‌കൂട്ടർ യാത്രക്കാരനെയും പുതിയാപ്പ സ്വദേശിയായ പ്രണവ് ആണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ, പ്രതിയായ മനു തനിക്ക് അപകടം സംഭവിച്ച വിവരം സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. തുടർന്ന് വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച പ്രണവിനെ യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നു.
ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് മുന്നിൽവെച്ചാണ് പ്രണവിനെ ഇവർ ക്രൂരമായി മർദിച്ചത്. നെഞ്ചിൽ ചവിട്ടേറ്റും ചാവി കൊണ്ട് നെറ്റിയിൽ കുത്തേറ്റും പ്രണവിന് സാരമായി പരിക്കേറ്റു. നെറ്റിയിൽനിന്ന് രക്തംവാർന്ന് യുവാവ് ബോധരഹിതനായതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു.
ഈ സംഭവത്തിൽ പ്രണവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് പോലീസ് അപകടം നടന്ന സ്ഥലത്തെത്തി കാർ തുറന്ന് പരിശോധിച്ചതോടെയാണ് കാറിനുള്ളിൽ സൂക്ഷിച്ച ബാഗിലെ പേഴ്‌സിൽനിന്നും എംഡിഎംഎ കണ്ടെടുത്തത്. ഇതിനൊപ്പം ലഹരി ഉപയോഗിക്കാനായി സൂക്ഷിച്ച ഗ്ലാസ് ട്യൂബും ലഹരിമരുന്ന് തൂക്കിവിൽക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തിരുന്നു.
അതിനിടെ, കാറിൽനിന്ന് എംഡിഎംഎ കണ്ടെടുത്തെന്ന് അറിഞ്ഞതോടെ പ്രതിയായ മനു ആശുപത്രിയിൽനിന്ന് മുങ്ങിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കുകയും എലത്തൂരിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മനുവിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലഹരിമരുന്ന് ഉപയോഗിച്ചതിന് ചേവായൂർ പോലീസ് സ്റ്റേഷനിലും പൊതുസ്ഥലത്ത് മദ്യപിച്ചതിന് മംഗലാപുരത്തെ പോലീസ് സ്‌റ്റേഷനിലും മനുവിനെതിരേ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽവെച്ച് യുവാവിനെ ആക്രമിച്ച മനുവിന്റെ സുഹൃത്തുക്കൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ മിഥുൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ നിഷാദ്, സിവിൽ പോലീസ് ഓഫീസർ നൗഷാദ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.






