“മൂഡ് സ്വിംഗ്സ്” ആശ്വാസമേകാൻ ഡയറ്റില്‍ കരുതേണ്ട ചില കാര്യങ്ങൾ
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മുൻകാലങ്ങളെ അപേക്ഷിച്ച് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ കുറെക്കൂടി ഗൗരവത്തിലാകുന്നുണ്ട് ഇന്ന്. പ്രത്യേകിച്ച് ലോകത്തിൽ തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ള രാജ്യമാണ് ഇന്ത്യ എന്ന റിപ്പോർട്ടെല്ലാം വലിയ തരംഗമാണ് ഈ മേഖലയിൽ തീർത്തിരിക്കുന്നത്.
പക്ഷേ അപ്പോഴും മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധമെത്താത്ത, അതിന് പ്രാധാന്യം നൽകാനുള്ള അവസരം പോലുമില്ലാത്ത വലിയൊരു വിഭാഗം ജനത ഇവിടെ തുടരുന്നുണ്ട്. എന്തായാലും നമ്മുടെ ജീവിതരീതികൾ ആരോഗ്യകരമാക്കുന്നതിലൂടെ ഒരളവ് വരെയൊക്കെ ചില മാനസികാരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് സാധിക്കും. ഇത്തരത്തിൽ മൂഡ് സ്വിംഗ്സ് അഥവാ മാനസികാവസ്ഥകൾ പെട്ടെന്ന് മാറിമറിയുന്ന അവസ്ഥയ്ക്ക് ആശ്വാസമേകാൻ ഡയറ്റിൽ കരുതേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
പ്രോട്ടീൻ…
നല്ലതുപോലെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ സാധിച്ചാൽ മൂഡ് സ്വിംഗ്സ് ചെറിയ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. കാരണം ഇത് മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോർമോൺ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. എന്നാൽ പ്രോട്ടീൻ ഫുഡ് കഴിക്കുന്നത് കൊണ്ട് മാത്രം മൂഡ് സ്വിംഗ്സ് പരിഹരിക്കപ്പെടണമെന്നില്ല.
ഫൈബർ…
ഹോർമോൺ പ്രശ്നങ്ങളാണ് കാര്യമായും മൂഡ് സ്വിംഗ്സിലേക്ക് നയിക്കുന്നതെന്ന് പറഞ്ഞുവല്ലോ. ഹോർമോൺ അധികമായാലും അത് പ്രശ്നം തന്നെയാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് ഫൈബർ സഹായകമാകുന്നത്. അതിനാൽ ഫൈബർ അടങ്ങിയ ഭക്ഷണവും ഡയറ്റിലുൾപ്പെടുത്തുക.
സോഡിയം- പൊട്ടാസ്യം ബാലൻസ്
നാം കഴിക്കുന്ന വിവിധ ഭക്ഷണങ്ങളിലൂടെയാണ് വിവിധ അവശ്യഘടകങ്ങൾ നമുക്ക് ലഭിക്കുന്നത്. എന്നാൽ എല്ലാ ഘടകങ്ങളും ആവശ്യത്തിന്, അല്ലെങ്കിൽ അളവിന് മാത്രം ലഭിച്ചാൽ മതിയാകും. അല്ലെങ്കിൽ ബാലൻസ് തെറ്റി ഇതും പ്രതികൂലമായി ബാധിക്കാം. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ടതാണ് സോഡിയം- പൊട്ടാസ്യം ബാലൻസ്. സോഡിയം പൊതുവിൽ തന്നെ നമുക്ക് കാര്യമായി കിട്ടുന്നതാണ്. എന്നാൽ ഇതിന് ആനുപാതികമായി പൊട്ടാസ്യം വന്നില്ലെങ്കിലാണ് പ്രശ്നം. അതിനാൽ പൊട്ടാസ്യം അടങ്ങിയ ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുക.
കാത്സ്യം…
കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിലുൾപ്പെടുത്തുന്നതിനും ഏറെ ശ്രദ്ധിക്കുക. കാരണം കാത്സ്യം നമ്മുടെ തൈറോയ്ഡ് ഹോർമോൺ ഉത്പാദനത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാൽ തന്നെ കാത്സ്യമടങ്ങിയ ഭക്ഷണം ഹോർമോൺ പ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനും അതുവഴി മൂഡ് സ്വിംഗ്സ് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു.
ആൻറി-ഓക്സിഡൻറ്സ്…
നല്ലതുപോലെ ആൻറി-ഓക്സിഡൻറ്സ് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിലുൾപ്പെടുത്തുന്നതും മൂഡ് സ്വിംഗ്സ് പരിഹരിക്കാൻ പ്രയോജനപ്പെടും. പ്രധാനമായും ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളുന്നതിനാണ് ആൻറി-ഓക്സിഡൻറ്സ് സഹായിക്കുന്നത്. ഇത് ഹോർമോൺ ഒഴുക്കിനെയും പോസിറ്റീവായി സ്വാധീനിക്കുന്നു.