LIFEMovie

“നടൻ വിജയ് സിനിമകളിൽ പുകവലി ഒഴിവാക്കണം“; ലിയോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ എതിര്‍പ്പുമായി പട്ടാളി മക്കൾ കച്ചി

ചെന്നൈ: നടൻ വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ എതിർപ്പുമായി പട്ടാളി മക്കൾ കച്ചി (പിഎംകെ) പ്രസിഡൻറും എംപിയുമായ അൻപുമണി രാമദോസ് രംഗത്ത്. പോസ്റ്ററിലെ വിജയിയുടെ ചിത്രം പുകവലിക്കുന്ന രീതിയിലാണ് അതാണ് പിഎംകെ നേതാവിനെ ചൊടിപ്പിച്ചത്. നിരവധി കുട്ടികളും ചെറുപ്പക്കാരും വിജയ്‌യുടെ സിനിമ കാണുന്നതിനാൽ പുകവലിക്കുന്നത് തടയാനുള്ള സാമൂഹിക ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്ന് അൻപുമണി രാമദോസ് ട്വീറ്റ് ചെയ്തു.

“നടൻ വിജയ് സിനിമകളിൽ പുകവലി ഒഴിവാക്കണം. ലിയോ സിനിമയുടെ പോസ്റ്ററിൽ നടൻ വിജയ് പുകവലിക്കുന്നതായി കാണുന്നത് സങ്കടകരമാണ്. കുട്ടികളും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നു. അദ്ദേഹത്തെ കണ്ട് അവർ പുകവലിക്കാൻ ഇടയാകരുത്. പുകവലിയിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം വിജയിക്കുണ്ട്. നിയമവും അതുതന്നെയാണ് പറയുന്നത്. 2007ലും 2012ലും വാഗ്ദാനം ചെയ്തതുപോലെ സിനിമകളിലെ പുകവലി രംഗങ്ങളിൽ നിന്ന് വിജയ് വിട്ടുനിൽക്കണം” -അൻപുമണി രാമദോസിൻറെ ട്വീറ്റ് പറയുന്നു.

Signature-ad

വിജയ്‌യുടെ പോക്കിരി റിലീസായപ്പോൾ പി‌എം‌കെ സമാനമായ വിമർശനം ഉയർത്തിയിരുന്നു. അതിനെ തുടർന്ന് സിനിമകളിൽ പുകവലി ഒഴിവാക്കുമെന്ന് വിജയ് അറിയിച്ചിരുന്നു. കുറച്ചുകാലം സിനിമകളിൽ വിജയ് ഇത് പാലിച്ചു. എന്നാൽ 2011ൽ വീണ്ടും തുപ്പാക്കിയുടെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വിജയ് അതിൽ ചുരുട്ട് വലിക്കുന്നതായി കാണിച്ചത് വീണ്ടും വിവാദമായി. അന്നും നടൻ വിശദീകരണം നൽകി. അതിന് പിന്നാലെയാണ് ഇപ്പോൾ ലിയോ പോസ്റ്ററിലൂടെ താരം വീണ്ടും വിവാദത്തിൽ പെട്ടിരിക്കുന്നത്.

അൻപുമണി രാമദോസിൻറെ പിതാവും പിഎംകെ സ്ഥാപകനായ എസ് രാമദോസ് മുൻപും തമിഴ് സിനിമാ താരങ്ങളുടെ സിനിമയിലെ പുകവലി രംഗങ്ങൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇദ്ദേഹത്തിൻറെ വിമർശനത്താൽ ബാബ എന്ന ചിത്രത്തിൽ രജനീകാന്ത് പുകവലി രംഗങ്ങൾ ഒഴിവാക്കിയിരുന്നു. തുടർന്നുള്ള ചിത്രങ്ങളിൽ രജനി പുകവലിച്ചില്ല. എന്നാൽ കാർത്തിക് സുബ്ബരാജിന്റെ പേട്ടയിൽ ഒരു രംഗത്തിൽ രജനീകാന്ത് പുകവലിക്കുന്ന രംഗം ഉണ്ട്. എന്നാൽ സിഗരറ്റ് ഒന്ന് വലിച്ചെടുത്ത ശേഷം, “ഉടമ്പുക്കു നല്ലതു ഇല്ല, അനുഭവത്തുല സോൾരേൻ (ഇത് ആരോഗ്യത്തിന് നല്ലതല്ല, അനുഭവത്തിൽ നിന്ന് പറയുന്നു) എന്ന ഉപദേശത്തോടെ സിഗിരറ്റ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന് കൈമാറുകയായിരുന്നു. ആ രംഗം ഏറെ പ്രശംസ നേടിയിരുന്നു. അതുപോലെ മാരി എന്ന ചിത്രത്തിൽ പുകവലിക്കുന്ന രംഗത്തിൻറെ പേരിൽ നടൻ ധനുഷിനെതിരെയും പിഎംകെ രംഗത്ത് വന്നിരുന്നു.

Back to top button
error: