മമ്മൂട്ടിയുടെ ‘അടുക്കാനെന്തെളുപ്പം,’ ‘സ്നേഹമുള്ള സിംഹം’ മോഹൻലാലിന്റെ ‘മിഴിനീർപൂവുകൾ’ എന്നീ 3 സിനിമകൾ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 37 വർഷം
സിനിമ ഓർമ്മ
സുനിൽ കെ. ചെറിയാൻ
1986 ജൂൺ 19 ന് പ്രദർശനത്തിനെത്തിയ മൂന്ന് ചിത്രങ്ങൾ:
1. അടുക്കാനെന്തെളുപ്പം. പിവി കുര്യാക്കോസിന്റെ കഥയിൽ ജേസി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം. കാർത്തികയാണ് നായിക. ‘രാവിന്റെ തോളിൽ രാപ്പാടി പാടി’ ഉൾപ്പെടെ ബിച്ചു തിരുമല- ജെറി അമൽദേവ് ടീമിന്റെ പാട്ടുകൾ. അകലാനെന്തെളുപ്പം എന്നായിരുന്നു ചിത്രത്തിന് ആദ്യമിട്ട പേര്. ദാമ്പത്യത്തിലെ അപശ്രുതികളാണ് പ്രമേയം.
2. മിഴിനീർപൂവുകൾ. ജോൺപോളിന്റെ കഥയിൽ കമൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം. കമലിന്റെ ആദ്യചിത്രം. കൂട്ട് കൂടി സ്ത്രീകളെ ശല്യം ചെയ്ത് നടന്നിരുന്ന ഒരാൾ സ്വന്തം ഭാര്യക്കും അതേ ഗതി കാണേണ്ടി വരുന്നതാണ് കഥ. ശ്രീസായ് പ്രൊഡക്ഷൻസ് ആർ എസ് ശ്രീനിവാസൻ നിർമ്മിച്ച അവസാനചിത്രം. കൊട്ടാരക്കരയുടെ അവസാന ചിത്രം. ഉർവ്വശി, ലിസി എന്നിവരായിരുന്നു സ്ത്രീതാരങ്ങൾ. ‘ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും’ ഉൾപ്പെടെ ആർ കെ ദാമോദരൻ- എംകെ അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ. തൊട്ടടുത്ത വർഷം മോഹൻലാൽ നിർമ്മാണപങ്കാളിയായി കമൽ, ‘ഉണ്ണികളേ ഒരു കഥ പറയാം’ സംവിധാനം ചെയ്തു.
3. സ്നേഹമുള്ള സിംഹം. എംഡി അജയഘോഷിന്റെ മനോരമ നോവൽ. എസ് എൻ സ്വാമി സംഭാഷണം. സാജൻ (സിദ്ദീഖ് എന്ന് ശരിയായ പേര്) സംവിധാനം. സാജന്റെ തന്നെ കൂട്ടിനിളം കിളി, ഒരു നോക്ക് കാണാൻ, കണ്ടു കണ്ടറിഞ്ഞു എന്നീ ചിത്രങ്ങൾ നിർമ്മിച്ച പി.ടി സേവ്യർ നിർമ്മാണം. മമ്മൂട്ടി, നളിനി മുഖ്യതാരങ്ങൾ. മദ്യപനും അവധൂതനുമായ അധ്യാപകനെ പ്രണയിക്കുന്ന വിദ്യാർത്ഥിനിയുടെ കഥ. ‘സ്നേഹം കൊതിച്ചു ഈരേഴ് ലോകം’ ഉൾപ്പെടെ ചുനക്കര രാമൻ കുട്ടി- ശ്യാം ഗാനങ്ങൾ. നടീനടന്മാരെ തെരഞ്ഞെടുക്കാൻ വായനക്കാരോട് വാരിക പറഞ്ഞപ്പോൾ ഭൂരിപക്ഷവും നായകനായി മമ്മൂട്ടിയെ നിർദ്ദേശിച്ചു.