FeatureNEWS

മഴക്കാലം: വൈദ്യുതി അപകടങ്ങളെ സൂക്ഷിക്കുക

ഴയും കാറ്റും ഒന്നു കനത്താല്‍ മതി, വൈദ്യുതി ഒളിച്ചുകളി ആരംഭിക്കും. കറന്‍റില്ലാതെ മൂന്നുനാലു ദിവസം, എപ്പോഴെങ്കിലും ഒന്നു തെളിഞ്ഞാലോ വോള്‍ട്ടേജില്ല, അല്ലെങ്കില്‍ ബള്‍ബുകള്‍ ഫ്യൂസായിപ്പോവുന്ന രീതികള്‍ ഹൈവോള്‍ട്ടേജ് ഇതൊക്കെ നമ്മുടെ നാട്ടില്‍.
പക്ഷേ, അതിനൊക്കെ പരിഹാരം ഉണ്ടാക്കാന്‍ സ്വയം ഇറങ്ങിപ്പുറപ്പെടരുത്. വൈദ്യുതിയുമായി ബന്ധപ്പെട്ട എന്തു പ്രശ്നമുണ്ടായാലും അടുത്തുള്ള ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസില്‍ വിവരം അറിയിക്കുക.

അവര്‍ മേല്‍നടപടി സ്വീകരിക്കട്ടെ.മീറ്ററിലെ ഫ്യൂസോ മറ്റോ പോയതാണെങ്കില്‍ വീടിനടുത്തുള്ള ഇലക്ട്രിഷ്യന്‍റെ സേവനം ആവശ്യപ്പെട്ടാലും മതി.

സ്റ്റേവയറില്‍ നിന്നും ടെലിഫോണ്‍ റിസീവറില്‍നിന്നുമൊക്കെ വൈദ്യുതാഘാതം ഏല്‍ക്കാം.

കാറ്റും മഴയും എത്തിയാല്‍ നാട്ടിന്‍പുറങ്ങളിലെ വൈദ്യുതിക്കമ്പികളാണ് ഏറെയും പൊട്ടിവീഴുക. പൊട്ടിക്കിടക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യം സമീപത്തുള്ള വൈദ്യുതി ബോര്‍ഡ് ഓഫിസില്‍ വിവരം അറിയിക്കുക .

Signature-ad

അവര്‍ എത്തുംവരെ ആരെങ്കിലും സംഭവസ്ഥലത്തു കാവല്‍നില്‍ക്കുന്നതു നന്നായിരിക്കും. ആള്‍ക്കാര്‍ അപകടമേഖലയിലേക്കു കടന്നുചെല്ലാതിരിക്കാനാണിത്. ചിലപ്പോള്‍ മരച്ചില്ല വൈദ്യുതിക്കമ്പിയില്‍ കുടുങ്ങിയേക്കാം.

അങ്ങനെയുള്ള സന്ദര്‍ഭത്തിലും വെട്ടിമാറ്റാന്‍ തുനിയരുത്. ഇലക്ട്രിസിറ്റി ഓഫിസില്‍ വിവരം അറിയിച്ച് ലൈന്‍ ഓഫാക്കിയശേഷം മാത്രമേ എന്തെങ്കിലും ചെയ്യാവൂ.

വൈദ്യുതി കമ്പി പൊട്ടിവീണാല്‍ ഉടന്‍തന്നെ വൈദ്യുതി ബോര്‍ഡ് ഓഫിസില്‍ വിവരം അറിയിക്കുക.

ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസ് ഉരുകിപ്പോയാല്‍ അതു തനിയെ നന്നാക്കാനുള്ള രീതി നാട്ടിന്‍പുറങ്ങളില്‍ ഇപ്പോള്‍ വ്യാപകമാണ്. ഒരിക്കലും അങ്ങനെ ചെയ്യരുത്. ബോര്‍ഡ് നിയമിച്ചിരിക്കുന്ന ലൈന്‍മാന്‍മാരുടെ ചുമതലയാണത്.

വോള്‍ട്ടേജ് കൂടിയ ലൈനില്‍നിന്നു വൈദ്യുതി “കൊളുത്തി’ എടുക്കുന്ന രീതിയാണു മറ്റൊന്ന്. തോട്ടികൊണ്ടോ മറ്റോ ഇതു ചെയ്യുന്നവര്‍ ധാരാളമാണ്. അപകടം ക്ഷണിച്ചുവരുത്തരുത് എന്നു മാത്രമേ പറയുന്നുള്ളൂ.

വൈദ്യുതി കമ്പിയുടെ ചുവട്ടില്‍തന്നെ മരങ്ങളും മറ്റും വച്ചുപിടിപ്പിക്കരുത്. വാഴപോലും വയ്ക്കരുത്.

പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളം പൊങ്ങിയാല്‍ വൈദ്യുതി കമ്പികള്‍ വള്ളത്തിന്മേല്‍ തൊട്ടുരുമ്മി നില്‍ക്കും. ഇതു പരിഹരിക്കാന്‍ അധികൃതരുടെ പക്കല്‍ യാതൊരു നിര്‍ദേശങ്ങളുമില്ലെന്നിരിക്കെ നമ്മുടെ ശ്രദ്ധകൊണ്ടു മാത്രമേ അപകടം ഒഴിവാക്കാനാവൂ.

ഓരോ വീട്ടിലും സ്ഥാപിച്ചിരിക്കുന്ന മീറ്ററിലെ ഫ്യൂസ് പോയാലും തനിയെ അറ്റകുറ്റപ്പണി നടത്തരുത്. വീടിനകത്ത് എവിടെയെങ്കിലും ലൈന്‍ ഷോര്‍ട്ടായതാവാം കാരണം. ഇലക്ട്രീഷ്യന്‍റെ സഹായം തേടുകയാണുത്തമം.

ഇലക്ട്രിക് ഉപകരണങ്ങള്‍ കൃത്യമായി എര്‍ത്ത് ചെയ്ത് ഉപയോഗിക്കുക.

വൈദ്യുതിക്കമ്പികളെ തെങ്ങിലേക്കും മറ്റും വലിച്ചുകെട്ടുന്നതു തെറ്റാണ്.

സ്റ്റേ കമ്പി വസ്ത്രങ്ങള്‍ ഉണങ്ങാനിടാന്‍ ഉപയോഗിക്കുന്നതൊഴിവാക്കണം.

വൈദ്യുതി പോസ്റ്റില്‍ കന്നുകാലികളെ കെട്ടരുത്.

15 വര്‍ഷത്തിലൊരിക്കല്‍ വീട്ടിലെ വയറിങ്സംവിധാനം പുനഃപരിശോധിക്കണമെന്നാണു ചട്ടം. അതിനു സാധിച്ചിലെങ്കിലും വളരെക്കാലം മുന്‍പുള്ള വയറിങ് സംവിധാനം മാറ്റുകയാണു നല്ലത്. പരിശോധന നടത്തിയില്ലെങ്കില്‍ മഴക്കാലത്ത് അപകടസാധ്യത കൂടുതലാണ്.

ഇടിയും മിന്നലുമാണു മഴക്കാലത്ത് ഏറ്റവും അപകടകരം. ഇത്തരം സമയത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ സമീപത്തേക്കു പോവരുത്. മിന്നലുള്ള വേളയില്‍ ഫോണ്‍ എടുക്കുന്നതുപോലും അപകടമുണ്ടാക്കിയേക്കാം.

Back to top button
error: