CrimeNEWS

തോക്ക് കടത്ത് കേസില്‍ അന്വേഷണം ശക്തമാക്കി കര്‍ണാടക പോലീസ്; ടി.പിയുടെ കൊലയാളി രജീഷിന് ഭീകര ബന്ധവും?

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളി ടികെ രജീഷിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം കര്‍ണാടക പോലീസ് അന്വേഷിക്കുന്നു. രജീഷ് ഉള്‍പ്പെട്ട തോക്ക് കടത്ത് കേസില്‍ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വ്യക്തിപരമായി രജീഷ് ഭീകരരുമായിബന്ധപ്പെട്ടോയെന്ന കാര്യങ്ങള്‍ അന്വേഷിക്കുന്നത്.

തോക്കുകള്‍ മ്യാന്‍മറിനിന്ന് നാഗാലാന്‍ഡ് അതിര്‍ത്തി വഴിയാണ് ഇന്ത്യയിലേക്ക് എത്തിച്ചതെന്ന അറസ്റ്റിലായ പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എഴുപതിനായിരം രൂപയ്ക്ക് മ്യാന്‍മറില്‍ നിന്ന് വാങ്ങിയ തോക്കുകള്‍ കേരളത്തിലുളളവര്‍ക്ക് ലക്ഷങ്ങള്‍ വാങ്ങി വില്‍ക്കാനോ കടത്തുവാനോ ഉള്ള ശ്രമത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

Signature-ad

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിയായ ടികെ രജീഷിന്റെ അറസ്റ്റ് കര്‍ണാടക പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗളരൂവിലെ തോക്ക് കടത്ത കേസിലെ പ്രതിയും മലയാളിയുമായ നീരജ് ജോസഫിന്റെ മൊഴി പ്രകാരമാണ് രജീഷിനെ കബണ്‍ പാര്‍ക്ക് പോലീസ് കണ്ണൂര്‍ സെന്റര്‍ ജയിലെത്തി കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിയോടെ അറസ്റ്റു ചെയ്തത്.

ഇതിനിടെ പോലീസ് സംരക്ഷണയിലാണ് കേരളത്തില്‍ ക്രിമിനലുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവുമായി ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമ രംഗത്തു വന്നു. കൊലയാളി ക്രിമിനല്‍ സംഘങ്ങള്‍ക്ക് ജയില്‍ സുരക്ഷിത താവളമാണ്. ആരെ ലക്ഷ്യം വെച്ചാണ് തോക്കു കൊണ്ടുവന്നതെന്ന് സിബിഐ അന്വേഷിക്കണം. ടിപി കേസിലെ പ്രതികള്‍ നിരന്തരം കേസുകളില്‍പ്പെടുന്നു. ക്രിമിനലുകളെ സംരക്ഷിക്കാന്‍ തയ്യാറാവുന്ന ഒരു ആഭ്യന്തര വകുപ്പ് കേരളത്തില്‍ ഉള്ളതുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നും രമ ആരോപിച്ചു.

Back to top button
error: