പത്തനംതിട്ട: ബൈക്കിൽ എത്തി കച്ചവടക്കാരന്റെ സ്വർണമാല പറിച്ചെടുത്ത യുവതി അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽകോളനിയിൽ ശിവജിവിലാസത്തിൽ സരിത(27)യാണ് അറസ്റ്റിലായത്. മോഷണത്തിൽ ഇവരുടെ കൂടെയുണ്ടായിരുന്ന കാമുകൻ ഓടിരക്ഷപ്പെട്ടു.
അടൂർ പതിനാലാം മൈലില്‍ മാടക്കട നടത്തുന്ന, പെരിങ്ങനാട് മേലൂട് അമ്പാടി ജങ്ഷനിലെ തങ്കപ്പവിലാസത്തില്‍ തങ്കപ്പ(61)ന്റെ അഞ്ചുപവനുള്ള മാലയാണ് പറിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രി 8.30-നാണ് സംഭവം.
തങ്കപ്പന്‍ കട അടയ്ക്കാന്‍ തുടങ്ങുന്നതിനിടെയാണ് യുവതിയും യുവാവും എത്തിയത്. അച്ഛാ എന്നെ അറിയുമോ എന്ന് ചോദിച്ച് സരിത അടുത്തേക്ക് ചെന്നു. ഇല്ലെന്ന് തങ്കപ്പന്‍ മറുപടി പറഞ്ഞു. ഇവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനാല്‍, മാല കാണാതിരിക്കാന്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടു. തുടര്‍ന്ന് ഇദ്ദേഹം കട അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് തിരിച്ചു.
യുവതിയും യുവാവും ബൈക്കില്‍ പിന്തുടര്‍ന്നു. തങ്കപ്പന്റെ സ്‌കൂട്ടറിന് കുറുകെ ബൈക്ക് വെച്ച ശേഷം മാല പറിച്ചെടുക്കാന്‍ ശ്രമിച്ചു. യുവാവിന്റെ കൈ തട്ടിമാറ്റാന്‍ തങ്കപ്പന്‍ ശ്രമിച്ചു. എന്നാല്‍, യുവതികൂടി ഷര്‍ട്ടില്‍ പിടിച്ചതോടെ ശ്രമം പാളി. യുവാവ്, തങ്കപ്പന്റെ മുഖത്തും നെഞ്ചിനും ഇടിച്ചു. കൈകളില്‍ കടിക്കുകയും ചെയ്തു. തങ്കപ്പന്‍ മാല മുറുക്കെ പിടിച്ചെങ്കിലും ഇവര്‍ പൊട്ടിച്ചെടുത്തു. ബഹളംകേട്ട് നാട്ടുകാരെത്തി. ഇതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. അപ്പോഴേക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതിയെ വളഞ്ഞു.
വിവരം പോലീസിലും അറിയിച്ചു. പറിച്ചെടുത്ത സ്വര്‍ണമാല സരിതയുടെ പക്കല്‍നിന്ന് പോലീസ് കണ്ടെടുത്തു. ഓടിപ്പോയ പ്രതിയുടെ പേര് അന്‍വര്‍ഷാ എന്നാണെന്നും ഇരുവരും കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണക്കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു. മുഖത്തും കൈയ്ക്കും പരിക്കേറ്റ തങ്കപ്പന്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.