KeralaNEWS

”എസ്എഫ്‌ഐക്ക് ഒരു വ്യാജ സര്‍വകലാശാല തുടങ്ങിക്കൂടേ? പിണറായി വ്യാജകലാശാല എന്ന് പേരുമിടാം”

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കളുമായി ബന്ധപ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പല കോളജുകളില്‍ പോയി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം, എസ്എഫ്‌ഐക്കാര്‍ക്ക് ഒരു വ്യാജ സര്‍വകലാശാല തുടങ്ങിക്കൂടേയെന്ന് രാഹുല്‍ ചോദിച്ചു. അതിന് ‘പിണറായി വ്യാജകലാശാല’ എന്നു പേരുമിടാമെന്ന് രാഹുല്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ലഘു കുറിപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസം.

”പല കോളജില്‍ പോയി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം ഈ എസ്എഫ്‌ഐക്കാര്‍ക്ക് ഒരു വ്യാജ സര്‍വകലാശാല തുടങ്ങിക്കൂടേ? പിണറായി വ്യാജകലാശാല എന്ന് പേരുമിടാം.” -രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Signature-ad

എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് കായംകുളം എംഎസ്എം കോളജില്‍ എംകോം പ്രവേശനം നേടിയതെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. സംഭവം വിവാദമാവുകയും അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരാതി ലഭിക്കുകയും ചെയ്തതോടെ, ഇന്നലെ സമാപിച്ച എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ രൂപീകരിച്ച ജില്ലാ കമ്മിറ്റിയില്‍ നിഖിലിനെ ഉള്‍പ്പെടുത്തിയില്ല.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ഉള്‍പ്പെട്ട വിവാദവും മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ ഉള്‍പ്പെട്ട വിവാദവും കത്തിനില്‍ക്കുന്നതിനിടെയാണ് പുതിയ വിവാദം. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസം.

Back to top button
error: