KeralaNEWS

തിരൂരങ്ങാടിയിൽ വിദ്യാർത്ഥിയെ ഓടിച്ചിട്ട് കടിക്കാൻ തെരുവ്‌ നായയുടെ ശ്രമം; സിനിമാ സ്റ്റൈലിൽ വരാന്ത ചാടി നായയെ തുരത്തി അയൽവാസിയായ യുവാവ്

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർത്ഥിയെ ഓടിച്ച്‌ കടിക്കാൻ തെരുവ്‌ നായയുടെ ശ്രമം. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട്‌ തൊട്ടടുത്ത വീട്ടിലുള്ളയാൾ എത്തി നായയെ ഓടിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. ചെറിയ വഴിയിലൂടെ നടന്നുവരികയായിരുന്ന കുട്ടിയെ തെരുവ് നായ തുരത്തുന്നതും കുട്ടി നിലവിളിച്ചുകൊണ്ട് സമീപത്തെ വീടിലേക്ക് കയറാൻ ശ്രമിക്കുന്നതും വീട്ടിലുണ്ടായിരുന്ന ആൾ നായയെ തുരത്തുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പതിവായി തെരുവു നായ ശല്യമുള്ള മേഖലയാണ് ഇവിടെമെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ മദ്രസയിൽ നിന്ന് മടങ്ങി വന്ന കുട്ടിയാണ് തെരുവുനായയുടെ മുന്നിൽപ്പെട്ടത്. കൃത്യ സമയത്ത് വീട്ടുള്ളയാൾ പുറത്ത് വന്നിരുന്നില്ലെങ്കിൽ കുട്ടിക്ക് നായയുടെ ആക്രമണത്തിൽ പരിക്കേൽക്കാനുള്ള സാധ്യത ഏറെയെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്നിട്ടുള്ളത്.

സമാനമായ നിലയിൽ മലപ്പുറം നിലമ്പൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. ടിക്കറ്റ് കൗണ്ടറിന് സമീപത്തും പ്ലാറ്റ്ഫോമിലും തെരുവ് നായകൾ യാത്രക്കാർക്ക് ഭീഷണിയാവുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. യാത്രക്കാർ ടിക്കെറ്റെടുക്കാൻ കാത്തിരിക്കുന്ന സ്ഥലത്ത് തെരുവ് നായകളുടെ വിഹാര കേന്ദ്രമാകുന്നത് നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ പതിവ് കാഴ്ചയാണ്. ഭക്ഷണാവശിഷ്ടങ്ങൾക്കായി കടികൂടുന്ന നായകൾ ഇരിപ്പിടങ്ങളിൽ വിശ്രമിക്കുന്ന യാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. നിലമ്പൂർ ടൗണിലും നായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ വർഷം പേയിളകിയ തെരുവ് നായ നിലമ്പൂർ 16 പേരെ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.

Signature-ad

സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്ന സംഭവങ്ങൾക്കിടെയാണ് മലപ്പുറത്ത് ബാലൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിരുവനന്തപുരം അഞ്ചുതെങ്ങിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചത് ഞായറാഴ്ചയാണ്. അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേര എന്ന 49കാരിയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച യുവതിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ യുവതി ഒമ്പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഇതോടെ ഡോക്ടർമാർ യുവതിയെ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടർമാരോട് പറയുന്നത്. സ്ത്രീ നായയിൽ നിന്ന് പരിക്കേറ്റപ്പോൾ ചികിത്സ തേടിയോ എന്നതിൽ വ്യക്തതയില്ല.

Back to top button
error: