തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുതരംഗമെന്ന് കോടിയേരി
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല ജനവിധിയുണ്ടാകുമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. കേരളത്തിലെ 13 ജില്ലകളില്‍ എല്‍.ഡി.എഫിന് ഇത്തവണ മുന്‍തൂക്കം ലഭിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴ് ജില്ലകളിലായിരുന്നു എല്‍.ഡി.എഫ് മുന്നേറ്റം. ഇത്തവണ കേരളത്തിലുടനീളം കാണുന്ന മുന്നേറ്റം ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റമാണ്. അതായിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും കോടിയേരി പറഞ്ഞു.
കോവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തെ രക്ഷിച്ച സര്‍ക്കാറിനല്ലാതെ ആര്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യുക? 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1400 രൂപയാക്കിയ സര്‍ക്കാറിനല്ലാതെ അത് വീണ്ടും 600 ആക്കണമെന്ന് പറയുന്നവര്‍ക്ക് ആരെങ്കിലും വോട്ട് ചെയ്യുമോയെന്ന് കോടിയേരി ചോദിച്ചു.
സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ജനങ്ങളില്‍ യാതൊരുവിധ പ്രതികരണവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും അതെല്ലാം
ബോധപൂര്‍വം ഉണ്ടാക്കുന്ന കള്ള പ്രചാരവേലയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിനകത്ത് വലിയ ഒരു പൊട്ടിത്തെറിയുണ്ടാകും. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിച്ച കേരളത്തിലെ കോണ്‍ഗ്രസ് നയത്തെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിക്കുപോലും അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇത് കോണ്‍ഗ്രസിനകത്ത് വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസമുണ്ടാക്കാന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.