KeralaNEWS

ബി.കോം പൂര്‍ത്തിയാക്കാതെ എം.കോം പ്രവേശനം; എസ്.എഫ്.ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം

ആലപ്പുഴ: എസ്.എഫ്.ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം. കായംകുളം എം.എസ്.എം കോളജിലെ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ഥി നിഖില്‍ തോമസ് എം.കോം പ്രവേശനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്നതാണ് പുതിയ വിവാദം. ആരോപണം ഉയര്‍ന്നതോടെ നിഖിലിനെതിരെ എസ്.എഫ്.ഐ നടപടിയെടുത്തു. നിഖിലിന്റെ ജൂനിയര്‍ വിദ്യാര്‍ഥിയായിട്ടുള്ള ജില്ലാ കമ്മിറ്റി അംഗം നല്‍കിയ പരാതിയിന്മേലാണ് നടപടി.

2018-20 കാലഘട്ടത്തിലെ കായംകുളം എം.എസ്.എം കോളജിലെ ബി.കോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍. എന്നാല്‍, 2021-ല്‍ ഇതേ കോളജില്‍ ഇയാള്‍ എം.കോമിന് ചേര്‍ന്നതോടെയാണ് വിഷയം വിവാദമായത്. ബി.കോം പാസ്സായതിന് ശേഷമാണോ ഇയാള്‍ പ്രവേശനം നേടിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Signature-ad

ഇത്തരത്തില്‍ പ്രവേശനം ലഭിക്കാനായി 2019-21 കാലത്തെ കലിംഗ യൂണിവേഴ്സിറ്റിയുടെ ബി. കോം സര്‍ട്ടിഫിക്കറ്റ് നിഖില്‍ ഹാജരാക്കിയിട്ടുണ്ട്. കായംകുളത്തും കലിംഗ യൂണിവേഴ്സിറ്റിയിലും ഒരേ കാലത്ത് ഇയാള്‍ എങ്ങിനെ പഠിച്ചു എന്നതാണ് നിലവില്‍ പ്രശ്നമായിരിക്കുന്നത്. കലിംഗാ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ പരാതി ഉയര്‍ന്നതോടെ നിഖില്‍ തോമസിനെ ജില്ലാ കമ്മിറ്റി, കായംകുളം ഏരിയാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍നിന്നും എസ്.എഫ്.ഐ നീക്കം ചെയ്തു.

ഇത് പാര്‍ട്ടി അന്വേഷണം നടത്തേണ്ട വിഷയമല്ലെന്നും സര്‍വകലാശാല തലത്തില്‍ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.

Back to top button
error: