NEWSSocial Media

നാശം വിതച്ച് ബിപോര്‍ജോയ്; വൈറലായി നവജാതശിശുവിനെ കൈയിലേന്തിയ വനിതാ പോലീസ്

അഹമ്മാദാബാദ്: ആഞ്ഞുവീശുന്ന ചുഴലിക്കാറ്റിന്റെയും തകര്‍ത്തു പെയ്യുന്ന പേമാരിയുടെയും ഭീതിനിറഞ്ഞ ദൃശ്യങ്ങള്‍ക്കിടെ കരുതലും സ്‌നേഹവും തുളമ്പുന്ന കാഴ്ചയാണ് ഇപ്പോള്‍ ഗുജറാത്തില്‍നിന്നു പുറത്തുവരുന്നത്. കനത്തനാശം വിതയ്ക്കുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തിലെ ബര്‍ദ ദുംഗറില്‍നിന്നു നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും അമ്മയെയും സുരക്ഷിതസ്ഥലത്തേയ്ക്കു മാറ്റുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.

വനിതാ പോലീസ് ഉദ്യോഗസ്ഥ കുഞ്ഞിനെ കയ്യില്‍ എടുത്തുകൊണ്ടുപോകുന്ന വീഡിയോ മന്ത്രി ഉള്‍പ്പെടെ പങ്കുവച്ചു. അമ്മയും മറ്റു ചില സ്ത്രീകളും ഉദ്യോഗസ്ഥയുടെ പിന്നാലെ പോകുന്നതും ഇടയ്ക്ക് ശക്തമായ കാറ്റു വീശുന്നതും ദൃശ്യങ്ങളില്‍ കാണാം. ”ഗുജറാത്ത് പോലീസിനൊപ്പമാണെങ്കില്‍, നിങ്ങള്‍ തികച്ചും സുരക്ഷിതമായ കരങ്ങളിലാണ്” എന്ന കുറിപ്പോടെ ഗുജറാത്ത് പോലീസ് മേധാവിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വീഡിയോ റീട്വീറ്റ് ചെയ്തു.

Signature-ad

ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ രണ്ടു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 22 പേര്‍ക്ക് പരുക്കേറ്റു. 940 ഗ്രാമങ്ങളില്‍ വൈദ്യുതിബന്ധം പൂര്‍ണമായി നിലച്ചു. നിരവധി മൃഗങ്ങള്‍ ചത്തു. കനത്ത കാറ്റില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വ്യാപകമായി കടപുഴകി. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് പരക്കെ കനത്ത മഴയും കാറ്റുമാണ്. ഇന്നു വൈകിട്ടോടെ ന്യൂനമര്‍ദമായി മാറി, രാജസ്ഥാനിലേക്ക് പ്രവേശിക്കാനാണ് സാധ്യത.

Back to top button
error: