SportsTRENDING

ടീം ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ആരാധകർക്ക് ആവേശമാക്കാൻ ജിയോ സിനിമയുടെ ‘സർപ്രൈസ്’

മുംബൈ: ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരാധകര്‍ക്ക് ആവേശമാക്കാന്‍ ജിയോ സിനിമ. പരമ്പരയിലെ എല്ലാ മത്സരങ്ങളും സംപ്രേഷണം ചെയ്യുമെന്ന് നേരത്തെ വ്യക്തമാക്കിയ ജിയോ സിനിമ എല്ലാ സിം കാര്‍ഡിലും മത്സരം ഫ്രീയായി കാണാം എന്നും അറിയിച്ചിരിക്കുകയാണ്. ഐപിഎല്‍ 2023 സീസണിന് ശേഷം മത്സരങ്ങള്‍ കാണാന്‍ ജിയോ സിനിമ തുക ഈടാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പര കൂടി സൗജന്യമാണ് എന്ന പുതിയ വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയ സന്തോഷം നല്‍കുന്നതാണ്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് ടീം ഇന്ത്യ കളിക്കുക. ജൂലൈ 12 മുതല്‍ 16 വരെ ഡൊമിനിക്കയിലെ വിന്‍ഡ്‌സോര്‍ പാര്‍ക്കിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 20 മുതല്‍ 24 വരെ ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും. ആദ്യ ഏകദിനം ജൂലൈ 27ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കും. രണ്ടാം ഏകദിനം 29ന് ഇതേ വേദിയില്‍ തന്നെയാണ്. മൂന്നാം ഏകദിനം ഓഗസ്റ്റ് ഒന്നിന് ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടക്കും. ആദ്യ ടി20 മത്സരം മൂന്നിന് ഇതേ വേദിയില്‍ തന്നെ നടക്കും. ആറിന് ഗയാന നാഷണല്‍ പാര്‍ക്കിലാണ് രണ്ടാം ടി20. മൂന്നാം ടി20 എട്ടിന് ഇതേ വേദിയില്‍ തന്നെ നടക്കും. അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കും അമേരിക്ക വേദിയാവും. 12, 13 തിയ്യതികളില്‍ ഫ്‌ളോറിഡയിലാണ് അവസാന രണ്ട് ടി20 മത്സരങ്ങള്‍.

Signature-ad

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടെസ്റ്റില്‍ രോഹിത് ശര്‍മ്മയ്‌ക്ക് കീഴിലും ട്വന്‍റി 20യില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തിലും ടീമിനെ പ്രഖ്യാപിക്കാനാണ് സാധ്യത. ടി20യിലേക്ക് മലയാളി താരം സഞ്ജു സാംസണിന്‍റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

Back to top button
error: