KeralaNEWS

കേരളത്തിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകർ

കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡണ്ട് റൗൾ ഫോർണെസ് വലെൻസ്യാനോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വോളിബോൾ, ജൂഡോ, ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങൾ എന്നിവയിൽ കേരളത്തിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിനാവശ്യമായ തീരുമാനങ്ങൾ എത്രയും പെട്ടെന്നു കൈക്കൊള്ളാൻ ധാരണയായതായും അദ്ദേഹം പറഞ്ഞു.
ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങൾക്കായി അയക്കുന്നതിലുള്ള താല്പര്യവും അറിയിച്ചു. കേരളത്തിന്റെയും ക്യൂബയുടേയും കായികമേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗൾ ഫോർണെസ് വലെൻസ്യാനോ അറിയിച്ചു. എക്സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം ചർച്ച ചെയ്തു-മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: