KeralaNEWS

കെ സുധാകരന്റെ തട്ടകത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

കണ്ണൂർ:കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ തട്ടകത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പോര് മുറുകുന്നു.

സുധാകര വിഭാഗത്തിന് ആധിപത്യമുളള കണ്ണൂരില്‍ എ ഐ സി സി ജനറല്‍ സെക്രടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അവരവര്‍ക്ക് താല്‍പര്യമുളള നോമിനികള്‍ക്കായി രംഗത്തുവന്നതാണ് അസ്വാരസ്യം സൃഷ്ടിച്ചത്.സുധാകര വിഭാഗത്തിലെ രാഹുല്‍ വെച്ചിയാട്ടിനെ വെട്ടിനിരത്തി ഫര്‍സീന്‍ മജീദിനെ രംഗത്തുകൊണ്ടുവന്നതാണ് അവസാന നിമിഷത്തിലെ ട്വിസ്റ്റ്.

 

Signature-ad

നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റാണ് രാഹുല്‍ വെച്ചിയാട്ട്. കെ സുധാകരന്റെ അതീവ വിശ്വസ്തരിലൊരാളായ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഡിസിസിയും സുധാകരവിഭാഗവും മുന്‍പോട്ടുവെച്ച സ്ഥാനാര്‍ഥിയും രാഹുല്‍ വെച്ചിയാട്ടാണ്.

എന്നാല്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചെന്ന കേസിലെ പ്രതിയായ ഫര്‍സീന്‍ മജീദിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാക്കണമെന്ന് സുധാകര വിഭാഗത്തില്‍ നിന്നു തന്നെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും കരിങ്കൊടി കാണിച്ചതിന് ജയിലില്‍ കിടക്കുകയും സിപിഎമില്‍ നിന്നും വധഭീഷണി നേരിടുകയും ചെയ്ത നേതാവാണ് ഫര്‍സീന്‍ മജീദ്. അതുകൊണ്ടു തന്നെ ഫര്‍സീനെ യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാക്കി ഒരു പരിധിവരെ ഇത്തരം ഭീഷണികളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഒരുവിഭാഗം നേതാക്കള്‍. ഇവരുടെ സമ്മര്‍ദം കാരണം കെ സുധാകരന്‍ ഫര്‍സീന് അനുകൂലമായി സമ്മതം മൂളിയിട്ടുണ്ടെന്നാണ് വിവരം.
അതുകൊണ്ടു തന്നെ രാഹുല്‍ വെച്ചിയാട്ടിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് ഇപ്പോഴത്തെ ധാരണ.എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് കെസി വേണുഗോപാലും രംഗത്തെത്തിയിട്ടുണ്ട്.വേണുഗോപാല്‍ ഗ്രൂപ്പിലെ റോബര്‍ട് വെളളാംവെളളി, മുഹ്സില്‍ എന്നിവര്‍ക്ക് പ്രസിഡന്റ് സ്ഥാനമോ ജനറല്‍ സെക്രട്ടറി സ്ഥാനമോ നല്‍കണമെന്നാണ് കെസിയുടെ ആവശ്യം. ഇല്ലെങ്കില്‍ മത്സര രംഗത്തിറങ്ങാനാണ് കെസി ഗ്രൂപ്പിന്റെ തീരുമാനം.
ശക്തി ദുര്‍ബലമായെങ്കിലും എ ഗ്രൂപ്പും ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്.എ ഗ്രൂപ്പില്‍ നിന്നും രാഹുല്‍ ദാമോദര്‍, വിജിത് മോഹനന്‍ എന്നിവരും മത്സരിക്കാന്‍ രംഗത്തുണ്ട്.കണ്ണൂര്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് മൂന്ന് പതിറ്റാണ്ടായി കെ സുധാകരനൊപ്പമായിരുന്നു. സുധാകര വിഭാഗത്തിന് ശക്തമായ സ്വാധീനമുളള ജില്ലയില്‍ നിലവിലെ ഗ്രൂപ്പ് സാഹചര്യങ്ങള്‍ അനുസരിച്ച്‌ ശക്തമായ മത്സരം കാഴ്ച വയ്ക്കാനുളള ഒരുക്കത്തിലാണ് എ ഗ്രൂപ്പും കെ സി വേണുഗോപാല്‍ വിഭാഗവും.

Back to top button
error: