KeralaNEWS

സോളാര്‍ അന്വേഷണ കമ്മിഷനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണമാക്കാന്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്‍റെ നീക്കം; ആദ്യ ഘട്ടത്തിന് കോട്ടയത്ത് തുടക്കം

കോട്ടയം: സോളാർ അന്വേഷണ കമ്മിഷനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണമാക്കാൻ കോൺഗ്രസിലെ എ ഗ്രൂപ്പിൻറെ നീക്കം. ആദ്യ ഘട്ടമെന്നോണം കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സദസിൽ എ ഗ്രൂപ്പിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു. സോളാർ അന്വേഷണ കമ്മിഷൻ ജസ്റ്റിസ് ശിവരാജനെ സാമൂഹ്യമായി ബഹിഷ്കരിക്കണമെന്നായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്ത യുഡിഎഫ് കൺവീനർ എം.എം. ഹസൻറെ ആഹ്വാനം. സോളാർ അന്വേഷണ കമ്മിഷനെതിരെ സിപിഐ നേതാവ് സി. ദിവാകരൻ നടത്തിയ വെളിപ്പെടുത്തലുകൾ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ കോൺഗ്രസ് നേതൃത്വം തയാറായില്ലെന്ന വിമർശനം എ ഗ്രൂപ്പ് നേരത്തെ ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മൻചാണ്ടിക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും സിപിഎം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടും ഗ്രൂപ്പിന് സ്വാധീനമുളള കോട്ടയത്ത് ജനകീയ സദസ് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിച്ചത്.

Signature-ad

കോട്ടയം ഡിസിസിയാണ് പരിപാടിയുടെ സംഘാടകരെങ്കിലും എം.എം.ഹസനും ബെന്നി ബെഹനാനും കെ.സി.ജോസഫും പി.സി.വിഷ്ണുനാഥും ഉൾപ്പെടെ എ ഗ്രൂപ്പ് നേതാക്കളെല്ലാം പരിപാടിയുടെ ഭാഗമായി. ലൈംഗിക വൈകൃതങ്ങളുടെ ഉപാസകനായ അന്വേഷണ കമ്മിഷനെ കൊണ്ട് ഉമ്മൻചാണ്ടിക്കെതിരെ റിപ്പോർട്ട് തയാറാക്കിയ സിപിഎമ്മും മുഖ്യമന്ത്രിയും കേരള സമൂഹത്തോട് മാപ്പു പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. എ ഗ്രൂപ്പിനോട് അകന്നു നിൽക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ വൈകിയാണ് പരിപാടിക്കെത്തിയത്. ശിവരാജനെ അന്വേഷണ കമ്മിഷനാക്കുന്നതിനെ തുടക്കം മുതൽ താൻ എതിർത്തിരുന്നെന്ന് വേദിയിൽ ആവർത്തിച്ച തിരുവഞ്ചൂരിൻറെ വാക്കുകളിൽ എ ഗ്രൂപ്പിലെ ചില നേതാക്കൾക്കെതിരായ പരോക്ഷ വിമർശനത്തിൻറെ മുനയുണ്ടായിരുന്നു. പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എ ഗ്രൂപ്പ് സംസ്ഥാനമുടനീളം ഉമ്മൻചാണ്ടിക്ക് ഐക്യദാർഡ്യമർപ്പിച്ചുളള കൂട്ടായ്മകൾ നടത്താനുളള നീക്കത്തിലാണ്.

Back to top button
error: