KeralaNEWS

ശസ്ത്രക്രിയക്ക് വിധേയനായ രോഗിയെ പെട്ടെന്ന് ഡിസ്ചാർജ് ചെയ്തു; രോഗിയുടെ മരണത്തിൽ കോട്ടയം മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കൾ

കോട്ടയം: വൈക്കത്ത് വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയെ അപകട നില തരണം ചെയ്യുന്നതിന് മുമ്ബ് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് മരിച്ചത് ആശുപത്രി അധികൃതരുടെ നടപടി മൂലമാണെന്ന് ആരോപണവുമായി ബന്ധുക്കള്‍.

വൈക്കം വെച്ചൂര്‍ ഇടയാഴം ചെമ്മരപ്പള്ളില്‍ ഗോപിനാഥൻ നായരാ(63 )ണ് മരിച്ചത്.കഴിഞ്ഞ അഞ്ചിന് രാത്രി ഒൻപതിന് വൈക്കം ഇടയാഴം പെട്രോള്‍ പമ്ബിന് സമീപത്തുകൂടി നടന്നു പോകുമ്ബോഴായിരുന്നു ഗോപിനാഥനെ ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ ഉടൻ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി. 10ന് അപകട നില തരണം ചെയ്യുന്നതിന് മുമ്ബേ ബെഡില്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

 

Signature-ad

എന്നാൽ ഗോപിനാഥന്റെ ആരോഗ്യനില മോശമായതിനാല്‍ മറ്റൊരു വാര്‍ഡിലേക്ക് മാറ്റാൻ ബന്ധുക്കള്‍ അപേക്ഷിച്ചതിനാല്‍ ഐ സിയുവില്‍ രണ്ടു ദിവസം കൂടി നീട്ടി നല്‍കി.13 ന് രാവിലെ ഒൻപതിന് ഗോപിനാഥനെ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്ന് പറഞ്ഞ് ഐ സി യുവില്‍ നിന്ന് പുറത്തേക്ക് മാറ്റി. അന്ന് വൈകുന്നേരം അഞ്ചിന് ഡിസ്ചാര്‍ജ് ഷീറ്റ് നല്‍കുന്നവരെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് നല്‍കേണ്ട ജീവൻ രക്ഷാ മരുന്നുകളും മറ്റ് പരിചരണങ്ങളും നല്‍കിയില്ല. പിന്നീട് വൈകുന്നേരം ആറിന് വൈക്കം താലൂക്ക് ആശുപത്രിയില്‍ ഗോപിനാഥനെ പ്രവേശിപ്പിച്ചെങ്കിലും രാത്രി 1.30 ഓടെ മരിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ നടപടിയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ഡിസ്ചാര്‍ജിന്റെ പേരില്‍ ഒരു പകല്‍ മുഴുവൻ ചികില്‍സ നിഷേധിക്കപ്പെട്ടതാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗോപിനാഥൻ നായരുടെ ബന്ധുക്കള്‍ എസ് പി . ആരോഗ്യ വകുപ്പ് മന്ത്രി, ഡിഎംഒ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി.

Back to top button
error: