KeralaNEWS

എറണാകുളം ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം, ബൈക്കപകടത്തിൽ മരിച്ച ഇടുക്കി സ്വദേശി എബിന്റെ അവയദാനത്തിൽ ഒത്തുകളി ; വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് അമ്മ

     എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലെ മസ്തിഷ്‌ക മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നും ഇതെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും മരിച്ച എബിന്റെ അമ്മ ഓമന. വാഹനാപകടത്തിൽ മരിച്ചെന്ന് റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് അമ്മയുടെ ഈ ആവശ്യം.

‘അവയവദാനത്തിനായി മകനെ കുരുതി കൊടുത്തോ എന്ന ഭയമാണ് എനിക്ക്’ ഓമന കൂട്ടിച്ചേര്‍ത്തു.
‘മകന്‍ മരിച്ചപ്പോള്‍ ഉണ്ടായതിനെക്കാള്‍ വലിയ ദുഃഖമാണ് ഇപ്പോള്‍. അന്ന് ആശുപത്രിയുടെ നടപടിയെ താന്‍ സംശയിച്ചിരുന്നില്ല’ അവര്‍ പറഞ്ഞു.

Signature-ad

‘കുഞ്ഞ് രക്ഷപ്പെടില്ല. ഓപ്പറേഷനൊന്നും സക്‌സസ് ആവില്ല. ഷുഗറും പ്രെഷറും ഒക്കെ താഴ്ന്നാണ് നില്‍ക്കുന്നത്. ഏതാണ്ട് നാലുലക്ഷം രൂപ വേണം എന്നൊക്കെ പറഞ്ഞു. ഒടുവിൽ പ്രഷറും ഷുഗറും നോര്‍മല്‍ ആകാത്തതിനാല്‍ ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റില്ലെന്നുള്ള സാഹചര്യത്തില്‍ എന്നോടു സംസാരിച്ചു. വെന്റിലേറ്റര്‍ ഊരിക്കഴിഞ്ഞാല്‍ കുഞ്ഞ് മരിച്ചു പോകുമെന്നും പറഞ്ഞു. ആ സാഹചര്യത്തിൽ അവയവങ്ങൾ ദാനം ചെയ്യാമോ എന്നു ചോദിച്ചു. എന്റെ കുഞ്ഞ് മരിച്ചു പോവുകയേ ഉള്ളൂവെങ്കില്‍ ആരെങ്കിലും രക്ഷപ്പെടട്ടേ, അവരെ എനിക്കും കാണാല്ലോ എന്നോർത്ത് ദാനം ചെയ്‌തോളാന്‍ പറഞ്ഞു. അതിനു ശേഷം പേനയും പേപ്പറുമായി വന്ന് ഒപ്പിടാന്‍ പറഞ്ഞു. പിറ്റേദിവസം കുഞ്ഞ് മരിച്ചു. അരമന പള്ളിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. അന്നൊന്നും ഒരു സംശയവും തോന്നിയില്ല. എന്റെ കുഞ്ഞ് മരിച്ചത് ചികിത്സ നൽകാഞ്ഞതു കൊണ്ടാണെന്ന്‌ ഞാന്‍ ചിന്തിച്ചിട്ടില്ല. പക്ഷേ അന്നത്തെക്കാള്‍ കൂടുതല്‍ വിഷമം ഇന്ന് തോന്നുന്നുണ്ട്. ഒരു ആശുപത്രിക്കാരെയും  പൂര്‍ണമായി വിശ്വസിക്കാന്‍ പാടില്ല. ഒരു അമ്മമാര്‍ക്കും ഈ ചതിവ് പറ്റരുത്. എനിക്ക് ഏറ്റവും മിടുക്കനായ മകനാണ് നഷ്ടപ്പെട്ടു പോയത്.’ ഓമനയുടെ അടക്കാനാവാത്ത ദുഖത്തോടെ പറയുന്നു.

എബിന്റെ മസ്തിഷ്‌ക മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതിയില്‍ ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കും എതിരേ സമന്‍സ് അയയ്ക്കാന്‍ കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വിലയിരുത്തിയാണ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരേ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എല്‍ദോസ് മാത്യു സമന്‍സിന് ഉത്തരവിട്ടത്.

2009 നവംബര്‍ 29-നാണ് കേസിന് ആസ്പദമായ സംഭവം.  ഇടുക്കി ഉടുമ്പൻചോല സ്വദേശി വി.ജെ എബിനെ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആദ്യം കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലും പിന്നീട് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിസംബര്‍ ഒന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. വൃക്കയും കരളും മറ്റൊരാളില്‍ മാറ്റിവെക്കുകയും ചെയ്തു. എബിന് ആവശ്യമായ ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശിയായ ഡോ. എസ്. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളിലും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നും, രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നുമാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്‍റെ നടപടി ക്രമങ്ങൾ പാലിക്കാതെ നിയമം ലംഘിച്ച് യുവാവിന്റെ അവയവം ഒരു വിദേശ പൗരനില്‍ മാറ്റിവെച്ചതായും പരാതിയിലുണ്ട്.

Back to top button
error: