NEWS

പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം; രജനികാന്ത് തിരുവണ്ണാമലയില്‍ നിന്ന് മത്സരിക്കും

മിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വാര്‍ത്തകളില്‍ ഏറെ സ്ഥാനം പിടിച്ചിരുന്നു. പാര്‍ട്ടിയെപ്പറ്റിയുള്ള പ്രഖ്യാപനവും മറ്റ് വിവരങ്ങളും ഡിസംബര്‍ 31 ന് അറിയിക്കുമെന്നാണ് താരം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിതാ തിയതി പ്രഖ്യാപനത്തിന് മുന്നോടിയായി താരം എവിടെ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. താരം തിരുവണ്ണാമലയില്‍ നിന്ന് മത്സരിക്കുമെന്ന സഹോദരന്‍ സത്യനാരായണ റാവു പറഞ്ഞു. തിരുവണ്ണാമല അരുണഗിരി നാഥര്‍ ക്ഷേത്രത്തില്‍ രജനിക്കായി മൃത്യജ്ഞയ ഹോമം നടത്തിയ ശേഷമായിരുന്നു സത്യനാരായണ റാവു ഇക്കാര്യം പറഞ്ഞത്.

Signature-ad

ദൈവ നിശ്ചയമുണ്ടെങ്കില്‍, രജനീകാന്തിന്റെ കന്നി തിരഞ്ഞെടുപ്പു മത്സരം തിരുവണ്ണാമലയില്‍ നിന്നാകും- സത്യനാരായണ റാവു പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി രജനീകാന്തും മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹികളുമായി തിരക്കിട്ട് ചര്‍ച്ചയിലാണ്. താരവും പാര്‍ട്ടി ഓവര്‍സിയര്‍ തമിഴരുവി മണിയന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി എന്നിവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ രജനീകാന്ത് രൂപീകരിക്കുന്ന പാര്‍ട്ടിയുടെ എല്ലാ സമിതികളിലും ചുരുങ്ങിയതു 5% വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ തീരുമാനിച്ചിരുന്നു. രജനി മക്കള്‍ മന്‍ട്രം കണ്‍വീനര്‍ വി.എം.സുധാകറും യോഗത്തില്‍ പങ്കെടുത്തു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യവും കമ്മിറ്റികളില്‍ ഉറപ്പാക്കണമെന്ന് നേതൃത്വം നിര്‍ദേശിച്ചു.

ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ താരം നിര്‍ദേശം നല്‍കി. ബൂത്ത് തലം മുതല്‍ വനിതാ പ്രാതിനിധ്യമുറപ്പാക്കണം.

അതേസമയം, രജനി മക്കള്‍ മന്‍ട്രത്തില്‍ നിന്നുള്ളവരും പാര്‍ട്ടി തലപ്പത്തുണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. മന്‍ട്രത്തില്‍ നിന്നല്ലാത്ത രണ്ട് പേരെ പാര്‍ട്ടി തലപ്പത്ത് നേരത്തെ എത്തിച്ചതില്‍ അംഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടായിരുന്നു. മക്കള്‍ മന്‍ട്രത്തിലെ ശക്തരായ പ്രവര്‍ത്തകരെ പാര്‍ട്ടി തലപ്പത്ത് എത്തിക്കുമെന്ന് രജനീകാന്തിന്റെ സഹോദരനായ സത്യനാരായണ റാവു പറഞ്ഞു. തിരുവണ്ണാമലയില്‍ രജനീകാന്തിനായി പ്രത്യേക വഴിപാടുകളും സഹോദരന്‍ നടത്തിയിട്ടുണ്ട്. 10 ശിവാചാര്യന്മാരുടെ മേല്‍നോട്ടത്തില്‍ 2 മണിക്കൂറോളം നീണ്ട പൂജകളാണ് രജനീകാന്തിന് വേണ്ടി നടത്തിയത്.

ഇന്നത്തെ ജന്മദിനാഘോഷത്തിനു ശേഷം രജനീകാന്ത് 14നു ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്കു തിരിക്കും. പിന്നീട് പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുന്നതിനായിരിക്കും താരം തിരിച്ചെത്തുക. 31-നാണു തീയതി പ്രഖ്യാപനം.

Back to top button
error: