നാഗര്‍കോവില്‍: കമിതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിന് ഒടുവില്‍ കാമുകന്‍ കാമുകിയുടെ തലക്ക് വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കന്യകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്താണ് സംഭവം. മടിച്ചല്‍ സ്വദേശി ഡെനിഷ്യ(23)യെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം കല്ലുതോട്ടി സ്വദേശി ബര്‍ജിന്‍ ജോഷ്വ (23)യാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.
മാര്‍ത്താണ്ഡത്തിന് സമീപം സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. ബര്‍ജിനുമായി ഡെനിഷ്യ അടുല്ലത്തില്‍ ആയിരുന്നതായും രണ്ട് മാസം മുമ്പ് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയതായും പോലീസ് പറഞ്ഞു. ഡെനിഷ്യ സംസാരിക്കാതെ ആയതോടെ മനോവിഷമത്തില്‍ ആയിരുന്നു ബര്‍ജിന്‍. നേരത്തെ പല വഴിക്കും ബര്‍ജിന്‍, ഡെനിഷയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തമ്മില്‍ നേരിട്ട് സംസാരിച്ചു പിരിയാം എന്നും തന്റെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ് മടക്കിത്തരാമെന്നു പറഞ്ഞാണ് ബെര്‍ജിന്‍, യുവതിയെ മാര്‍ത്താണ്ഡത്ത് വിളിച്ചുവരുത്തിയത്.
മാര്‍ത്താണ്ഡത്ത് നിന്ന് ഇരുവരും ബൈക്കില്‍ കയറി സമീപമുള്ള പഴയ പെപ്‌സി കമ്പനിയുടെ പുറകിലുള്ള തെങ്ങിന്‍ പുരയിടത്തില്‍ എത്തി. സംസാരിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടായി. അതിനിടെ വെര്‍ജിന്‍ കരുതിക്കൂട്ടി വച്ചിരുന്ന വെട്ടുകത്തിയെടുത്ത് ഡെനീഷ്യയെ വെട്ടുകയായിരുന്നു. പരിക്കേറ്റ ഡെനീഷ്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ വെര്‍ജിന്‍ ബൈക്കുമായി സംഭവസ്ഥലത്തു നിന്നും കടന്നു. സമീപത്തുള്ള റെയില്‍വേ ട്രാക്കിന് സമീപം എത്തിയ വെര്‍ജിന്‍ ഇതുവഴി വന്ന ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം, നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ കുഴിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടുത്തെ ചികിത്സക്ക് ശേഷം പെണ്‍കുട്ടിയെ നാഗര്‍കോവില്‍ ആശാരി പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് സാരമായി പരിക്കുപറ്റിയ ഡെനീഷ്യ ആശുപത്രിയിലെ ചികിത്സയിലാണ്. സംഭവത്തില്‍ മാര്‍ത്താണ്ഡം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.