ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പത്തനംതിട്ട ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി 14,781 സീറ്റുകളാണ് നിലവിലുള്ളത്. സയന്‍സിന് 173 ബാച്ചുകളിലായി 8,556 സീറ്റുകളുണ്ട്. ഹ്യൂമാനിറ്റീസിന് 48 ബാച്ചുകളിലായി 2,389, കൊമേഴ്സിന് 77 ബാച്ചുകളിലായി 3,836 എന്നിങ്ങനെയാണ് മൊത്തം സീറ്റുകളുടെ എണ്ണം.
മെറിറ്റില്‍ സയന്‍സിന് 5,150, ഹ്യുമാനിറ്റീസിന് 1,692, കൊമേഴ്സിന് 2,697 സീറ്റുകളാണുള്ളത്. നോണ്‍ മെറിറ്റ് വിഭാഗത്തില്‍ സയന്‍സിന് 3,251, ഹ്യൂമാനിറ്റീസിന് 649, കൊമേഴ്സ് 1,066 സീറ്റുകളുമുണ്ട്. സ്പോര്‍ട്സ് ക്വാട്ടയില്‍ സയന്‍സിന് 155, ഹ്യൂമാനിറ്റീസ് 48, കൊമേഴ്സ് 73 എന്നിങ്ങനെയാണ് കണക്ക്. നോണ്‍ മെറിറ്റ് വിഭാഗത്തില്‍ സയന്‍സ് 3,251, ഹ്യുമാനിറ്റീസ് 649, കെമേഴ്സ് 1,066 സീറ്റുകളുമുണ്ട്.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജില്ലയില്‍ 96 സ്കൂളുകളാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ പട്ടികയിലുള്ളത്. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി 298 ബാച്ചുകളാണ് ഈ സ്കൂളുകളിലുള്ളത്. എന്നാല്‍ കഴിഞ്ഞ ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് കുട്ടികളെ ഇരുത്തിയത് 82 സ്കൂളുകളില്‍ മാത്രമാണ്. ഇതില്‍ തന്നെ പല ബാച്ചുകളിലും നാമമാത്ര കുട്ടികളായിരുന്നു.
ഇത്തവണ എസ് എസ് എല്‍ സി ഫലം വന്നപ്പോള്‍ ജില്ലയില്‍ 99.81 ശതമാനമായിരുന്നു വിജയം.10,194 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. പരീക്ഷ എഴുതിയവരില്‍ 19 പേര്‍ക്കു മാത്രമാണ് ഉപരിപഠന യോഗ്യത നഷ്ടപ്പെട്ടത്. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തുവെങ്കിലും എഴുതാന്‍ കഴിയാതെ പോയവരാണ് ഇതിലേറെയും. ഇവര്‍ സേ പരീക്ഷ എഴുതിയെത്തുമ്ബോള് ഫലം നൂറ് ശതമാനത്തിനോട് ഏറെ അടുക്കും. വിജയികളായവര്‍ക്കെല്ലാം ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഉറപ്പാണ്. പ്ലസ് വണ്‍ സീറ്റുകള്‍ക്കൊപ്പം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 1,550 സീറ്റുകളോളം ഉണ്ട്. സി ബി എസ് ഇ, ഐ സി എസ് ഇ വിഭാഗങ്ങളില്‍ പരീക്ഷയെഴുതിയവരില്‍ ഒരുവിഭാഗം സംസ്ഥാന ഹയര്‍ സെക്കന്‍ഡറിയിലേക്ക് പ്രവേശനത്തിനു ശ്രമിക്കുന്നുണ്ട്. ഇവര്‍ക്കുകൂടി പ്രവേശനം നല്കിയാലും ജില്ലയിലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാകും ഉണ്ടാകുക.