പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ട അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക് തന്നെ തിരികെയെത്തുമെന്ന് സൂചന. മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റൊക്കുസോയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇക്കാര്യം സംബന്ധിച്ച വലിയ സൂചന നല്‍കുന്നത്.
മെസ്സിയുമൊത്തുള്ള ചിത്രം പങ്കുവെച്ച് ‘വിട, പാരീസ്! ഹലോ ബാഴ്സലോണ! നമ്മുടെ ജീവിതത്തിന്റെ അടുത്ത അധ്യായത്തിനായി കാത്തിരിക്കാനാകുന്നില്ല.’ എന്നാണ് ആന്റൊണെല്ല കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മെസ്സി ബാഴ്സ ജേഴ്സി ധരിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ‘വീട്ടിലേക്ക് മടങ്ങി വരൂ ലിയോ’ എന്നും ആന്റൊണെല്ല പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം, മെസ്സിയുടെ പിതാവും മാനേജറുമായ യോര്‍ഗെ മെസ്സിയും ലിയോ ബാഴ്സയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞിരുന്നു. ബാഴ്‌സലോണ ക്ലബ്ബ് പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിഎസ്ജി വിട്ട മെസ്സിക്കായി സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറുമായി രംഗത്തുണ്ടായിരുന്നു. അല്‍ ഹിലാല്‍ ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി വാഗ്ദാനം ചെയ്തത്.
ബാഴ്സയില്‍ ചേരണമെങ്കില്‍ മെസ്സി പ്രതിഫലം കുറയ്ക്കേണ്ടിവരും. ലാ ലിഗയിലെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ (എഫ്എഫ്പി) ചട്ടങ്ങളാണ് ഇതുവരെ ബാഴ്സയ്ക്കും മെസ്സിക്കും മുന്നില്‍ തടസ്സമായി നിന്നിരുന്നത്. പ്രധാനമായും ക്ലബ്ബുകള്‍ വരവില്‍ കവിഞ്ഞ തുക ചെലവഴിച്ച് പാപ്പരാകുന്നത് തടയാനുള്ള നിയമങ്ങളാണിവ. ഇതനുസരിച്ച് കളിക്കാരുടെ ട്രാന്‍സ്ഫറിനും പ്രതിഫലത്തിനുമായി ഒരു ക്ലബ്ബിനും കൈവിട്ട് തുക ചെലവഴിക്കാനാവില്ല. 2021ല്‍ എഫ്എഫ്പി ചട്ടങ്ങള്‍ പാലിക്കാനാവില്ല എന്ന ഘട്ടത്തിലാണ് ബാര്‍സയ്ക്ക് മെസ്സിയെ കൈവിടേണ്ടി വന്നത്.