ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കി; അലോപ്പതി ഡോക്ടര്‍മാര്‍ സമരത്തില്‍
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയയടക്കം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ അലയടിക്കാന്‍ തുടങ്ങിയത്. ഇപ്പോഴിതാ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ അലോപ്പതി ഡോക്ടര്‍മാര്‍ സമരം നടത്തുകയാണ്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനംചെയ്ത സമരത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകളായ കെ.ജി.എം.സി.ടി.എ., കെ.ജി.എം.ഒ. എ., കെ.ജി.എസ്.ഡി.എ., കെ. ജി.ഐ.എം.ഒ.എ., കെ.പി.എം.സി.ടി.എ. തുടുങ്ങിയ സംഘടനകള്‍ പങ്കുചേരും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടത്തുന്ന സമരത്തില്‍നിന്ന് അത്യാഹിതവിഭാഗത്തെയും കോവിഡ് ചികിത്സയെയും ഒഴിവാക്കിയിട്ടുണ്ട്. അടിയന്തരശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യന്റ് കെയര്‍, ഐ.സി.യു. കെയര്‍ എന്നിവയില്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടാകും.
അതേസമയം, മോഡേണ്‍ മെഡിസിനില്‍ ഡോക്ടര്‍മാര്‍ നിരവധി വര്‍ഷത്തെ പഠനത്തിനും പരിശീലനത്തിനും ശേഷം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ആയുര്‍വേദ ബിരുദാനന്തരബിരുദ സമയത്ത് കണ്ടുപഠിച്ച് ചെയ്യാമെന്ന തീരുമാനം വന്‍ദുരന്തത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇപ്പോഴും വ്യക്തമാക്കുന്നത്.
ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇ.എന്‍.ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കായി പരിശീലനം നേടി ശസ്ത്രക്രിയ നടത്താം എന്നായിരുന്നു ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍റെഗുലേഷന്‍സ് ഭേദഗതി ചെയ്തത്.
ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറി പഠനവും ഉള്‍പ്പെടുത്തിയത്. 25 വര്‍ഷത്തിലേറെയായി ആയുര്‍വേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ശസ്ത്രക്രിയകള്‍ ചെറിയതോതില്‍ നടക്കുന്നുണ്ടെങ്കിലും നിയമപരമാക്കിയത് ഈ വിജ്ഞാപനത്തോടെയാണ്.
എന്നാല്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് നിയമപരമായ അംഗീകാരം നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആണ് ആദ്യം രംഗത്തെത്തിയത്. ചികിത്സാരീതികളെ കൂട്ടിക്കുഴയ്ക്കുന്ന രീതി അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്.