Life StyleNEWS

”ഞാന്‍ പോണേണ്..വെറുതെ എന്തിനാ ഒരുപാട് എക്‌സ്പ്രഷന്‍ ഇട്ട് ചാവണത്”… നോവുണര്‍ത്തി സുധിയുടെ ഡയലോഗ്

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു, ഉരുളയ്ക്ക് ഉപ്പേരി പോലെ തഗ് മറുപടികള്‍, ജഗദീഷിനെ അനുകരിച്ച് കയ്യടി, ജീവിതത്തിലെ പ്രതിസന്ധികളിലും കാണികളെ ചിരിപ്പിച്ച കലാകാരന്‍. കൊല്ലം സുധിയെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്. വേദികളില്‍ പൊട്ടിച്ചിരി വിതറിയ ആ അതുല്യകലാകാരന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര ഇപ്പോള്‍.

സ്റ്റേജ് ഷോകളില്‍ മാത്രമല്ല, ബിഗ് സ്‌ക്രീനിലും സുധി നല്‍കിയത് എന്നും ഓര്‍ത്തിരിക്കാനുള്ള കഥാപാത്രങ്ങളാണ്. പ്രത്യേകിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമ. ”ഞാന്‍ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്‌സ്പ്രഷന്‍ ഇട്ട് ചാവണത്’, എന്ന് വിഷ്ണുവിനോട് സുധിയുടെ കഥാപാത്രം പറയുന്ന ഡലോഗ് ആയിരുന്നു ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്ന്.

Signature-ad

2016 ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ സുധിയുടെ ഈ ഡയലോഗ് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും ലൈം ലൈറ്റില്‍ തന്നെ നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയ ട്രോളുകളിലും വാട്‌സപ്പ് സ്റ്റാറ്റസുകളിലും പലപ്പോഴും സുധിയുടെ വാക്കുകള്‍ മുഴങ്ങി കേള്‍ക്കാറുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ആ രംഗം ഇന്ന് മലയാളികള്‍ക്ക് നോവിന്റെ വിങ്ങലായി മാറിയിരിക്കുന്നു. പാഷാണം ഷാജിക്കൊപ്പം അവതരിപ്പിച്ച കോമഡി ഷോയിലെ ”കപ്പലണ്ടിയേയ്..കപ്പലണ്ടിയേയ്.., ‘ഇഞ്ചി മിഠായ്.. ഇഞ്ചി മിഠായ്” എന്നിങ്ങനെയുള്ള സുധിയുടെ ഡയലോഗുകളും ഏറെ ശ്രദ്ധേയമാണ്.

മിമിക്രിയിലൂടെ ആയിരുന്നു സുധിയുടെ തുടക്കം. നിരവധി സ്റ്റേജുകളില്‍ സുധി കാണികളെ പൊട്ടിച്ചിരിപ്പിച്ചു. ശേഷം ടെലിവിഷന്‍ കോമഡി ഷോകളില്‍ നിറ സാന്നിധ്യമായി. കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. 2015 ല്‍ ആയിരുന്നു ഇത്. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിലും സുധി അഭിനയിച്ചു.

 

Back to top button
error: