KeralaNEWS

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; വിവാദ പ്ലാസ്റ്റിക് ഫാക്ടറി പൂട്ടാന്‍ കൊടി നാട്ടി സി.പി.എമ്മും

മലപ്പുറം: സാമൂഹ്യപ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യക്ക് പിന്നാലെ, വിവാദ ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായി സിപിഎം. ഫാക്ടറിക്ക് മുന്നില്‍ പാര്‍ട്ടി കൊടിനാട്ടി. ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ ഫാക്ടറി പൂട്ടണമെന്ന ബോര്‍ഡും സ്ഥാപിച്ചു. ഫാക്ടറിക്കെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് നടപടിയെടുത്തില്ലെന്ന് റസാഖ് പരാതിപ്പെട്ടിരുന്നു.

അതേസമയം, സിപിഎമ്മിനെ വിമര്‍ശിച്ച് റസാഖിന്റെ ഭാര്യ ഷീജ രംഗത്തെത്തി. ഒരാഴ്ച മുന്‍പ് പാര്‍ട്ടി പിന്തുണച്ചിരുന്നെങ്കില്‍ റസാഖ് ജീവനോടെ ഉണ്ടായേനെയെന്ന് ഷീജ പറഞ്ഞു. ലോക്കല്‍, ഏരിയാ സെക്രട്ടറിമാര്‍ക്ക് ഫാക്ടറി പ്രശ്നം നേരത്തെ തന്നെ അറിയാമായിരുന്നു. നിങ്ങള്‍ രണ്ട് വോട്ട് മാത്രമാണെന്ന് പറഞ്ഞ് ലോക്കല്‍ സെക്രട്ടറി പരിഹസിച്ചെന്നും ഷീജ പറഞ്ഞു.

Signature-ad

വെള്ളിയാഴ്ച രാവിലെയാണ് പുളിക്കല്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ റസാഖിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് വീടിന് സമീപമുള്ള പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രത്തില്‍ ദിവസവും 100 കിലോ സംസ്‌കരണത്തിനാണ് അനുമതിയുള്ളത്. എന്നാല്‍, വളരെക്കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം എത്തിച്ചു സംസ്‌കരണം നടക്കുന്നുണ്ടെന്നും അതു പരിസര മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരും റസാഖിന്റെ കുടുംബവും പലതവണ പരാതി നല്‍കിയിരുന്നു. പരാതിക്കെട്ടും ആത്മഹത്യാക്കുറിപ്പും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയാണു റസാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റസാഖിന്റെ മരണത്തിന് പിന്നാലെ കുടുംബം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്ത് വന്നിരുന്നു. പ്ലാന്റ് ഉടമ പാര്‍ട്ടിക്ക് പണം നല്‍കിയതിന് പിന്നാലെ നിര്‍ലോഭമായ സഹായം പാര്‍ട്ടി ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് നല്‍കിയെന്നായിരുന്നു ആരോപണം. റസാഖ് പല തവണ പരാതിപ്പെട്ടിട്ടും സിപിഎം നേതൃത്വം ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്നും റസാഖിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു.

 

 

 

Back to top button
error: