അഹമ്മദാബാദ്: സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കൊന്ന ഭര്‍ത്താവിനെ പിന്നീട് സുഹൃത്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തില്‍ തിങ്കളാഴ്ചയായിരുന്നു ഇരട്ടക്കൊലപാതകം. ദഹോദ് സ്വദേശിയായ കൗശിക് റാവത്ത് (21), ഭാര്യ കല്‍പന (19) എന്നിവരാണു കൊല്ലപ്പെട്ടത്. താപി നദിക്കരയില്‍നിന്നാണ് യുവതിയുടെയും ഭര്‍ത്താവിന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നു ചൗക്ക് ബസാര്‍ പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൗശിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തായ അക്ഷയ് കടാരയെ (21) പോലീസ് അറസ്റ്റ് ചെയ്തു.
സൂറത്തില്‍ നിര്‍മാണ തൊഴിലാളിയായ കൗശികും കല്‍പനയും പലന്‍പുര്‍ പ്രദേശത്താണു താമസിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കൗശികിന്റെ സുഹൃത്തും പ്ലമറുമായ അക്ഷയ് കടാരയും മീന(18)യും നവദമ്പതികളാണ്. ദാഹോദില്‍നിന്ന് സൂറത്തിലെത്തിയ ഇരുവരും കൗശിക്കിന്റെ വീട്ടില്‍ താമസം തുടങ്ങി. ദിവസങ്ങള്‍ക്കിടെ, കൗശികും മീനയും തമ്മില്‍ അടുത്തു.
ഇക്കാര്യം മനസ്സിലാക്കിയ കല്‍പന ഭര്‍ത്താവുമായി വഴക്കിട്ടു. എന്നാല്‍, ബന്ധം തുടരാനായിരുന്നു ഇരുവരുടെയും തീരുമാനം. ഇതോടെ മീനയുടെ ഭര്‍ത്താവ് അക്ഷയ്യുമായി കല്‍പന ഇക്കാര്യം ചര്‍ച്ച ചെയ്തു. അവിഹിതബന്ധം അവസാനിപ്പിക്കണമെന്നു മീനയോട് അക്ഷയ്യും ആവശ്യപ്പെട്ടു. തര്‍ക്കത്തെ തുടര്‍ന്ന് മീന സ്വന്തം വീട്ടിലേക്കു പോയി. പിന്നാലെ അക്ഷയ്യും കൗശിക്കിന്റെ വീടുവിട്ടു.
രണ്ടുപേരും പോയതോടെ കല്‍പനയും കൗശിക്കും തമ്മില്‍ വാക് തര്‍ക്കമായി. തുടര്‍ന്ന് കല്‍പനയെ കൗശിക്ക് കഴുത്തുഞെരിച്ച് കൊന്നു. മൃതദേഹം വീട്ടിനകത്തു മേല്‍ക്കൂരയിലെ കൊളുത്തില്‍ കെട്ടിത്തൂക്കി. പിന്നീട് അക്ഷയുടെ സഹായത്തോടെയാണ് കൗശിക് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പോലീസ് പറയുന്നത്. കൃത്യം നടത്തിയശേഷം കൗശിക്കും അക്ഷയും ചേര്‍ന്നാണ് കല്‍പ്പനയുടെ മൃതദേഹം നദീതീരത്തെ വിജനമായപ്രദേശത്ത് ഉപേക്ഷിച്ചത്. തുടര്‍ന്ന് ഇവിടെനിന്ന് മടങ്ങുന്നതിനിടെയാണ് തന്റെ ഭാര്യയുമായി രഹസ്യബന്ധത്തിലേര്‍പ്പെട്ടിരുന്ന സുഹൃത്തിനെ അക്ഷയ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട അക്ഷയ് കടാരയെ ദാഹോദ് ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ചൗക്ക് ബസാര്‍ പോലീസും ക്രൈംബ്രാഞ്ചും കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യംചെയ്തതോടെ ഇരട്ടക്കൊലയുടെ കാരണം വ്യക്തമാവുകയായിരുന്നു.