കോഴിക്കോട്: ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതികളുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും.മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക.
കഴിഞ്ഞ ദിവസം തൃശൂര്‍ ചെറുതിരുത്തിയില്‍ നടത്തിയ തെളിവ് ശേഖരണത്തില്‍ സിദ്ദിഖിന്റേതെന്ന് കരുതുന്ന എടിഎം കാര്‍ഡ് ,ചെക്ക് ബുക്ക് ,തോര്‍ത്ത് എന്നിവ കണ്ടെത്തിയിരുന്നു.കാര്‍ ഉപേക്ഷിച്ച പറമ്ബിന് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്.നേരത്തെ ഷിബിലിയും ഫര്‍ഹാനയും ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നാണ് നാട്ടുകാരുടെ മൊഴി.ഇനി സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവ കണ്ടെത്താനുണ്ട്.
അതേസമയം ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഹോട്ടൽ ജീവനക്കാരുടെ മൊഴി പുറത്ത്.രണ്ട് മുറികളുടെയും വാടക നൽകിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടൽ ജീവനക്കാര്‍ മൊഴി നല്‍കുന്നത്.സിദ്ദിഖ് തുക അഡ്വാൻസായി നൽകുകയായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ മൊഴി നൽകി.
മുറിയിൽ രക്തകറ കണ്ടിരുന്നുവെന്നും ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിബിലും ഫർഹാനയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു. ആര്‍ത്തവ രക്തമാണ് എന്നാണ് ഷിബിലും ഫർഹാനയും പറഞ്ഞത് എന്നാണ് ജീവനക്കാരുടെ മൊഴി. രണ്ട് മുറികളിൽ ഒന്ന് സംഭവ ശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ഒരു മുറിയിൽ പിന്നീട് കസ്റ്റമേഴ്സ് വന്നിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ പൊലീസില്‍ മൊഴി നൽകി.