മുംബൈ: വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ ഹരിപ്പാട് സ്വദേശികളായ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ഡോംബിവ്ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരണ്‍ ബില്‍ഡിങ് നിവാസികളായ രവീന്ദ്രന്‍-ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീര്‍ത്തി (17) എന്നിവരാണ് ദാവ്ഡിയിലെ കുളത്തില്‍ മുങ്ങിമരിച്ചത്. മാതാപിതാക്കള്‍ ചികിത്സാര്‍ഥം നാട്ടിലാണ്.
കുളിപ്പിക്കുന്നതിനിടെ ഇവരുടെ വളര്‍ത്തുനായ കുളത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് നീന്തിപ്പോയി. അതിനെ പിടിക്കാനുള്ള ശ്രമത്തിനിടെ സഹോദരന്‍ മുങ്ങുന്നതുകണ്ട കീര്‍ത്തി രക്ഷിക്കാന്‍ശ്രമിച്ചെങ്കിലും രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മാന്‍പാഡ പോലീസും അഗ്നിരക്ഷാസേനയും എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. രഞ്ജിത്ത് നവിമുംബൈയിലെ സീവുഡ് ആശുപത്രിയില്‍ ഹൗസ് സര്‍ജനാണ്. കീര്‍ത്തി രണ്ടുദിവസംമുമ്പ് വന്ന എച്ച്.എസ്.സി. പരീക്ഷാഫലത്തില്‍ വിജയിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇവരുടെ ബന്ധുകൂടിയായ സാമൂഹികപ്രവര്‍ത്തകന്‍ പി.കെ. ലാലി അറിയിച്ചു.