കുവൈറ്റ് സിറ്റി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റില്‍ സേവനമനുഷ്ടിക്കുന്ന പ്രവാസി അദ്ധ്യാപകരുടെ ജോലി നഷ്ടമാകും. 2400 പ്രവാസി അദ്ധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്കി. പ്രവാസി അദ്ധ്യാപകര്‍ക്ക് പകരമായി സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് 1900 പേര്‍ക്ക് ജോലി നഷ്ടമാകുന്നത്. ബാക്കി വരുന്ന 500 പേരില്‍ ഇതിനോടകം രാജി സമര്‍പ്പിച്ച പ്രവാസി അദ്ധ്യാപകരാണ് ഉള്‍പ്പെടുന്നത്.
ഇവര്‍ക്ക് അദ്ധ്യായന വര്‍ഷത്തിന്റെ അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാം. ഈ സമയത്ത് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങളും നല്കിയ ശേഷമായിരിക്കും സ്വരാജ്യങ്ങളിലേയ്ക്ക് മടങ്ങിപോകാനുള്ള അവസരം ഒരുക്കുക.
അതേസമയം, രാജ്യത്തെ സ്വദേശിവത്കരണത്തിന്റെ നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിപ്പിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഫെഡറല്‍ നിയമപ്രകാരം നടത്തി വരുന്ന സ്വദേശിവത്കരണത്തിന്റെ ശതമാനം എല്ലാ വര്‍ഷവും വര്‍ദ്ധിപ്പിച്ച് 2026-ഓടെ പത്ത് ശതമാനമാക്കി മാറ്റുമെന്നാണ് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന് അല്‍ അവാര് അറിയിച്ചത്. നിലവിലെ രീതി തുടര്‍ന്നാല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളുടെ പുതിയ യുഗം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.