IndiaNEWS

ഇന്ത്യയുടെ തെക്കേ അറ്റം; ആരെയും കൊതിപ്പിക്കുന്ന കന്യാകുമാരി

ശ്ചിമഘട്ടവും ഇന്ത്യൻ മഹാസമുദ്രവും സമ്മേളിക്കുന്നതിനാൽ സൂര്യോദയവും സൂര്യാസ്തമയവും ഒരുമിച്ചു ദൃശ്യമാകുന്ന ലോകത്തിലെ തന്നെ അത്യപൂർവം സ്ഥലങ്ങളിൽ ഒന്നാണ് കന്യാകുമാരി.ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലവും കന്യാകുമാരിയാണ്.
ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന കന്യാകുമാരി ഒരുകാലത്ത് മലയാളത്തിന്റെ സ്വന്തമായിരുന്നുവെങ്കിലും ഇന്നത് തമിഴ്നാടിന്റെ ഭാഗമാണ്.ഇവിടുത്തുകാർ ആരാധിക്കുന്ന കന്യാകുമാരി അമ്മൻ ദേവതയുമായി ബന്ധപെട്ടാണ് ഈ പ്രദേശം കന്യാകുമാരി എന്നറിയപ്പെടുന്നത്.പാർവതീ ദേവിയുടെ അവതാരമാണ്‌ ദേവി കന്യക എന്നാണ് വിശ്വാസം.
തീർത്ഥാടന കേന്ദ്രങ്ങൾ
കന്യാകുമാരി ദേവി ക്ഷേത്രം,
ശുചിന്ദ്രം ശിവ ക്ഷേത്രം,
മണ്ടക്കാട് ഭഗവതി അമ്മൻ ക്ഷേത്രം,
വേളിമല കുമാരസ്വാമി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ.
ആകർഷണങ്ങൾ
കന്യാകുമാരിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് വിവേകാനന്ദപ്പാറയും, തിരുവള്ളുവർ പ്രതിമയും, കന്യാകുമാരി ക്ഷേത്രവും ഒക്കെയാണ്.സൂര്യോദയവും അസ്തമയവും ഒരേസ്ഥലത്തു നിന്നുകൊണ്ടുതന്നെ ഏകദേശം ഒരേദിശയിൽ കാണാമെന്നതാണ് കന്യാകുമാരിയുടെ മറ്റൊരു പ്രത്യേകത.ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ എന്നീ മൂന്നു കടലുകൾ ഒന്നിച്ചു ചേരുന്ന അപൂർവ്വയിടം കൂടിയാണ് കന്യാകുമാരി.ത്രിവേണി സംഗമം എന്നാണു ഇതിനു പറയുന്ന പേര്.
ഇവ കൂടാതെ മരുത്വാമല, പദ്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം ക്ഷേത്രം, ഗാന്ധിജിയുടെ ചിതാഭസ്മ സ്മാരകം, മെഴുക് പ്രതിമകളുടെ മ്യൂസിയം, തോവാള പൂ മാർക്കറ്റ്, മുപ്പന്തൽ വിൻഡ് ഫാം തുടങ്ങിയ സ്ഥലങ്ങളും കന്യാകുമാരി യാത്രയിൽ സന്ദർശിക്കാവുന്നതാണ്.
ബീച്ചുകൾ
കന്യാകുമാരിയിലും പരിസരങ്ങളിലുമായി ഒട്ടനവധി ബീച്ചുകളും സ്ഥിതി ചെയ്യുന്നുണ്ട്. മുട്ടം ബീച്ച്, ശംഖുതുറൈ ബീച്ച്, ചൊത്തവിളൈ ബീച്ച്, കന്യാകുമാരി ബീച്ച്, തേങ്ങാപ്പട്ടണം ബീച്ച് എന്നിവയാണ് അവ.
കന്യാകുമാരി യാത്രയിൽ കാണേണ്ട മറ്റു സ്ഥലങ്ങൾ
 
തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്ക് പോകുമ്പോൾ ആദ്യം സന്ദര്‍ശിക്കേണ്ടത് ചിതറാല്‍ ജൈന ക്ഷേത്രമാണ്.പാറശാല പിന്നിട്ട് അതിര്‍ത്തിയായ കളിയിക്കാവിള കഴിഞ്ഞ് നാലു കിലോമീറ്റര്‍ കൂടി കഴിയുമ്പോള്‍ കുഴിത്തുറ ജംഗഷ്‌നാവും.അവിടെ നിന്ന് ഇടത്തേക്ക് ഒമ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിതറാല്‍ ഗുഹ ക്ഷേത്രമെത്തും.ഒമ്പതാം നൂറ്റാണ്ടില്‍ പണിത ജൈനക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.ചിതറാല്‍ ഗുഹാ ക്ഷേത്രം, ഭഗവതി ക്ഷേത്രം, ചിതറാല്‍ മല ക്ഷേത്രം എന്നൊക്കെ ഈ ക്ഷേത്രം അറിയപ്പെടുന്നു.
ചിതറാല്‍ ക്ഷേത്രത്തില്‍ നിന്ന് യാത്ര തുടരുമ്പോള്‍ തിരുവനന്തപുരം കന്യാകുമാരി റോഡില്‍ തക്കല എന്ന സ്ഥലത്തു നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളത്തിന്റെ അധീനതയിലാണ് ഇന്നും ഈ കൊട്ടാരം.കൊട്ടാരത്തിലെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത് കേരള സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പാണ്.
 തടികളില്‍ ചെയ്തിരിക്കുന്ന കൊത്തുപണികളും മനോഹരമായ ശില്‍പ്പങ്ങളും ചുമര്‍ചിത്രങ്ങളും കൊട്ടാരത്തിന്റെ വിസ്മയ കാഴ്ച്ചകളാണ്.
ചരിത്രം
പത്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗമായിരുന്നു കന്യാകുമാരി. വേണാട്‌ ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 1729 മുതൽ 1758 വരെയുള്ള കാലഘട്ടത്തിൽ വേണാടിന്റെ അതിർത്തി ആലുവ വരെ വികസിപ്പിച്ച്‌ തിരുവിതാംകൂർ സ്ഥാപിച്ചതിനു ശേഷം തിരുവനന്തപുരവും കന്യാകുമാരിയുമൊക്കെ തെക്കൻ തിരുവിതാംകൂർ എന്ന് അറിയപ്പെട്ടിരുന്നു.
1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായി‌ തുടർന്നു.1947-ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരുകയും രാജഭരണം അവസാനിക്കുകയും ചെയ്തു.1949 -ൽ തിരു-കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ചപ്പോൾ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമായി‌ മാറി.1956-ൽ ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ പുനർ നിർമ്മിച്ചപ്പോൾ  കന്യാകുമാരി തമിഴ്‌നാട്‌ സംസ്ഥാനത്തിന്റെ ഭാഗമായി‌ മാറുകയായിരുന്നു.

വാൽക്കഷണം: കേരള-തമിഴ്നാട് അതിര്‍ത്തിയിലെ മാര്‍ത്താണ്ഡം, പാര്‍വതിപുരം മേല്‍പ്പാലങ്ങള്‍ തുറന്നതോടെ തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലേക്ക് ഇപ്പോൾ ഒന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകും

Back to top button
error: