തിരുവനന്തപുരം: മണ്ണാര്‍ക്കാട് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ സുരേഷ് കുമാറിന്റെ തിരുവനന്തപുരം മലയിന്‍കീഴിലെ വീട്ടിലാണ് ആണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ഇയാളുടെ കുടുംബവീട് ഓഹരി കിട്ടിയതില്‍ നിര്‍മ്മിക്കുന്ന പുതിയ വീട്ടില്‍ ആയിരുന്നു പരിശോധന. മണ്ണാര്‍ക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റായ സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
അവിവാഹിതനായ ഇയാള്‍ക്ക് ഇപ്പോള്‍ നാടുമായി പറയത്തക്ക ബന്ധമൊന്നുമില്ല. ഇടയ്ക്ക് വന്നുപോകാറുണ്ടെങ്കിലും ബന്ധുക്കളെ സന്ദര്‍ശിക്കാറില്ലന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ വില്ലേജ് ഓഫീസില്‍ ജോലി കിട്ടിയ ശേഷം അവിടെത്തന്നെ ഇയാള്‍ സ്ഥിരതാമസമാക്കിയിരുന്നു.
നാട്ടില്‍ നിരവധി വിവാഹാലോചനകള്‍ നടന്നുവെങ്കിലും മുടങ്ങുകയായിരുന്നു. അതില്‍ അസ്വസ്ഥനായാണ് സുരേഷ് നാടുമായുള്ള അടുപ്പം ഉപേക്ഷിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. നിര്‍ധന കുടുംബത്തില്‍ ജനിച്ച സുരേഷിന്റെ അച്ഛന്‍ ചായക്കട നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പിഎസ്സി പഠനം നടത്തി ജോലി നേടിയ ശേഷം പാലക്കാട് നിയമനം ആയത് മുതല്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടും ഇയാള്‍ പാലക്കാട് വിട്ടുപോകാന്‍ കൂട്ടാക്കിയില്ല.
വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ രാവിലെ വിജിലന്‍സിന്റെ പിടിയിലായത്. പാലക്കയം വില്ലേജ് പരിധിയില്‍ 45 ഏക്കര്‍ സ്ഥലമുള്ള മഞ്ചേരി സ്വദേശി ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. വില്ലേജ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ കൈവശമാണെന്നറിഞ്ഞു. സുരേഷ് കുമാറിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലിയുമായി മണ്ണാര്‍ക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളജില്‍ എത്താനാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം പാലക്കാട് വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് എംഇഎസ് കോളജിനു മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന സുരേഷ് ബാബുവിന്റെ കാറില്‍വെച്ച് 2500 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു.