IndiaNEWS

തെലങ്കാനയില്‍ ഷര്‍മിളയുമായി സഖ്യനീക്കം; ചരടുവലിക്കുന്നത് ശിവകുമാര്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള തെലങ്കാനയില്‍ വൈ.എസ്.ഷര്‍മിളയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുമായി (വൈഎസ്ആര്‍ടിപി) കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് നീക്കം. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമാണു ഷര്‍മിള.

മുന്‍പ് ജഗന്‍മോഹനും ഷര്‍മിളയും ആന്ധ്രയില്‍ ഒന്നിച്ചായിരുന്നെങ്കിലും പിന്നീട് ഇരുവരും തെറ്റി. തുടര്‍ന്നാണ് ഷര്‍മിള തെലങ്കാനയില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. തെലങ്കാനയില്‍ 40 മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടെന്നാണ് അവകാശവാദം. അതേസമയം, കോണ്‍ഗ്രസുമായി സഖ്യം പരിഗണനയിലില്ലെന്നാണു ഷര്‍മിളയുടെ പ്രതികരണം.

Signature-ad

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, പ്രത്യേകിച്ച് പ്രിയങ്കയുടെ ടീം ഷര്‍മിളയുമായി ബന്ധപ്പെട്ടെന്ന് വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി മദശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശര്‍മിളയെ കോണ്‍ഗ്രസില്‍ ചേര്‍ക്കുന്നതിനാണ് പ്രിയങ്കയ്ക്ക് താത്പര്യം. ഒപ്പം നിന്നാല്‍ രാജ്യസഭാംഗത്വം, ആന്ധ്രയിലെ പാര്‍ട്ടിച്ചുമതല എന്നിവയാണു ഷര്‍മിളയ്ക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ആണു നീക്കങ്ങള്‍ക്കുപിന്നിലെന്നും സൂചനയുണ്ട്.

അതേസമയം, തന്റെ ആദ്യ ലക്ഷ്യം തെലങ്കാനയാണെന്നാണ് ശര്‍മിള പറയുന്നത്. ആന്ധ്രയിലേക്ക് ഇപ്പോള്‍ കടക്കാന്‍ ശര്‍മിള താത്പര്യപ്പെടുന്നില്ലെന്നും അവരുടെ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. എന്നാല്‍, ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നാണ് സൂചന. 2029 ആകുമ്പോഴേക്കും ശര്‍മിളയെ ഉപയോഗിച്ച് ആന്ധ്രയില്‍ പാര്‍ട്ടിക്ക് പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് ഒരുക്കം.

Back to top button
error: