KeralaNEWS

”കുട്ടികളുടെ ഭക്ഷണത്തില്‍ പോലും കള്ളത്തരം; സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ നശിപ്പിച്ചത് ശ്രീനിജിന്‍”

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ആയിരുന്ന പനമ്പിള്ളിനഗര്‍ ഹോസ്റ്റലിനെ കേരളത്തിലെ ഏറ്റവും മോശം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ആക്കിയതിന്റെ ഉത്തരവാദിത്തം പി.വി.ശ്രീനിജിന്‍ എംഎല്‍എക്കാണെന്ന് സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ ഒളിംപ്യന്‍ മേഴ്‌സി കുട്ടന്‍. കുട്ടികളുടെ ഭക്ഷണത്തില്‍പോലും കള്ളത്തരമാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണമുണ്ട്. എറണാകുളം ജില്ലയിലെ കായിക വികസനത്തിന്റെ തകര്‍ച്ചയ്ക്കു കാരണം ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ പി.വി. ശ്രീനിജിനാണെന്നും മേഴ്‌സി കുട്ടന്‍ ആരോപിച്ചു.

”സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കേരളത്തിലെ ഏറ്റവും മികച്ച ഹോസ്റ്റലുകളില്‍ ഒന്നായിരുന്നു പനമ്പിള്ളിനഗറിലെ അക്കാദമി. അവിടുത്തെ ഭക്ഷണവും മികച്ചതായിരുന്നു. മറ്റെവിടെയെങ്കിലും പോയി പനമ്പിള്ളിനഗറിലെ ഹോസ്റ്റലിനെക്കുറിച്ചു ഉദാഹരണമായി പറയാറുണ്ടായിരുന്നു. ശ്രീനിജിന്‍ വന്നതിനുശേഷം ഏറ്റവും മോശം ഹോസ്റ്റലായി അതു മാറി. കൃത്യമായ ഭക്ഷണം പോലും അവിടെ കിട്ടുന്നില്ല. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ് ഇപ്പോള്‍. വ്യാജ ബില്ലുകളാണ് അവിടെ കൊടുത്തിരിക്കുന്നത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും അന്വേഷണം നടത്തുന്നു” -മേഴ്‌സി കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച നിലവാരം ഉണ്ടായിരുന്ന എറണാകുളം ജില്ലയെ ഇത്തരം പല നടപടികളും കാരണം കായിക രംഗത്ത് പിന്നോട്ടാക്കി. ”പല കാര്യങ്ങളിലും പിന്നാക്കം പോയി. കഴിഞ്ഞ തവണ ബീച്ച് ഗെയിംസ് എറണാകുളം ജില്ലയാണ് നടത്തേണ്ടിയിരുന്നത്. അതു നടത്തിയില്ല. മേയ് ദിനത്തിന് എല്ലാവര്‍ഷവും നടത്തുന്ന പരിപാടിയും നടത്തിയിട്ടില്ല” -മേഴ്‌സി കുട്ടന്‍ പറഞ്ഞു. കായിക വികസനത്തിനു തുരങ്കം വയ്ക്കുന്ന ശ്രീനിജന്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് വിവിധ യുവജന സംഘടനകളും കായിക പ്രേമികളും പറയുന്നു.

സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്കു ഭക്ഷണത്തിനുള്ള തുക പോലും നിരാകരിക്കപ്പെട്ടിട്ടും മിണ്ടാതിരുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയന്‍സ് തടസ്സപ്പെടുത്തി കുട്ടികളെ ബുദ്ധിമുട്ടിലാക്കിയത്. പാര്‍ട്ടിയും സ്‌പോര്‍ട്‌സ് കൗണ്‍സിലും വിശദീകരണം തേടിയിട്ടില്ലെങ്കിലും രണ്ടിടത്തും അതൃപ്തി പുകയുകയാണ്.

 

 

Back to top button
error: