സൻഫ്രാൻസിസ്കോ: അയച്ച മെസെജ് ഡീലിറ്റാക്കാതെ എഡിറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? എങ്കിലിനി മെസെജ് മാറി അയച്ചുവല്ലോ എന്ന വിഷമം വേണ്ട.എഡിറ്റ് ചെയ്യാൻ ഓപ്ഷനുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ആർക്കെങ്കിലും അയച്ച തെറ്റായ സന്ദേശങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താൻ 15 മിനിറ്റ് സമയം ലഭിക്കും.
ഉപയോക്താക്കൾക്ക് ഇത് വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറാണ്, കാരണം ആദ്യം ശരിയല്ലെന്ന് നിങ്ങൾ കരുതുന്ന വാക്യങ്ങളോ വാക്കുകളോ തിരുത്താൻ എഡിറ്റ് ബട്ടൺ സഹായിക്കുമെന്നതിനാൽ മെസെജ് ഡീലിറ്റ് ചെയ്യേണ്ടി വരില്ല. കൂടാതെ അധികമായി എന്തെങ്കിലും ചേർക്കുകയുമാകാം. എഡിറ്റ് ചെയ്യാനായി മെസെജിൽ ടാപ്പ് ചെയ്യുക. തുടർന്ന് മെനുവിൽ നിന്ന് ‘എഡിറ്റ്’ ഓപ്ഷൻ തിരഞ്ഞെടുക്കണം. ലോങ് മെസെജ് അയക്കുന്നവർക്ക് 15 മിനിറ്റ് ചെറിയ സമയമായി തോന്നിയേക്കാം. പുതിയ അപ്ഡേഷൻ ബീറ്റയിൽ ലഭ്യമായി തുടങ്ങിയെന്നാണ് സൂചന. എല്ലാ ഉപയോക്താക്കൾക്കും ഈ അപ്ഡേഷന് ഉടനടി ലഭ്യമാകില്ല.
കഴിഞ്ഞ ദിവസമാണ് ചാറ്റ് ലോക്ക് ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ, പിന്നിടത് ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് മാത്രമേ കഴിയൂ.
അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.അനുവാദമില്ലാതെ ഉപയോക്താവിന്റെ ഫോൺ ആക്‌സസ് ചെയ്യാൻ ശ്രമിച്ചാൽ ആദ്യം ചാറ്റ് ക്ലിയർ ചെയ്യാൻ ആപ്പ് ഉപയോഗിക്കുന്ന ആളോട് ആവശ്യപ്പെടും. ചുരുക്കി പറഞ്ഞാൽ ക്ലിയറായ വിൻഡോ ആയിരിക്കും ഉപയോഗിക്കാൻ ശ്രമിക്കുന്ന ആളിന് മുന്നിൽ ഓപ്പൺ ആകുക. ലോക്ക് ചെയ്‌ത ചാറ്റിൽ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയിൽ ഓട്ടോമാറ്റിക് ഡൗൺലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചർ ഉറപ്പാക്കുന്നു. വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമായി തുടങ്ങും.